തൃശൂർ: ക്യാമറക്കും ലെൻസുകൾക്കും തകരാറാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. സിനിമാ സ്റ്റിൽ ഫോട്ടോഗ്രാഫർ കൂടിയായ തൃശൂർ കോട്ടപ്പടി കണ്ടിക്കൽ വീട്ടിൽ ബൈജു.കെ.കെ. ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കിഴക്കേ കോട്ടയിലെ കലാ ക്യാമറ വേൾഡ് ഉടമ, തൃശൂർ കുരിയച്ചിറയിലെ ഏക്സസ് ഇലക്ട്രോണിക്സ് ഉടമ, എറണാകുളം വൈറ്റിലയിലെ മഡോണ കെയർ സെൻ്റർ ഉടമ, കൊച്ചിയിലെ സോണി ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർ എന്നിവർക്കെതിരെ വിധി.
ഹർജിക്കാരൻ ക്യാമറയും ലെൻസുകളും വാങ്ങി ഉപയോഗിച്ചു തുടങ്ങിയപ്പോൾ ഫോക്കസ് ഔട്ട് ആകുന്ന തകരാർ വന്നു. കൂടാതെ ക്യാമറയുടെ ബോഡിക്കും തകരാറുണ്ടായിരുന്നു.സർവ്വീസിന് നൽകുമ്പോൾ വളരെ വൈകിയാണ് തിരിച്ചു തന്നിരുന്നത്. തുടർന്ന് ഹർജി ഫയൽ ചെയ്യുകയാണുണ്ടായത്. കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി തകരാറുകൾ ശരിവച്ചു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി, ഉല്പന്നത്തിൻ്റെ നിർമ്മാതാവായ സോണി കമ്പനിയോട് ഉല്പന്നത്തിൻ്റെ വിലയായ 3,66,000 രൂപയും, കലാ ക്യാമറ വേൾഡിനോടും, ഏക്സസ് ഇലക്ട്രോണിക് സിനോടും മഡോണ കെയർ സെൻ്ററിനോടും മാനസിക ബുദ്ധിമുട്ടുകൾക്കും അസൗകര്യങ്ങൾക്കും പരിഹാരമായി 30,000 രൂപയും ചിലവിലേക്ക് 10,000 രൂപയും നൽകുവാനും വിധിയായി. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.