കോട്ടയം: പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് മണർകാട്, കോതമംഗലം, റാക്കാട് പള്ളികളിലുണ്ടായ സംഭവങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് മലങ്കരസഭയ്ക്ക് മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഉറപ്പ്. മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
പള്ളികളിൽ പരിശുദ്ധ പാത്രിയർക്കീസ് ബാവാ നിയമവിരുദ്ധമായി പ്രവേശിച്ചതിൽ സഭയ്ക്കുണ്ടായ വേദന കാതോലിക്കാ ബാവാ മുഖ്യമന്ത്രിയെ അറിയിച്ചു. നിയമവിരുദ്ധമായ നടപടികളൊന്നും സർക്കാർ സ്വീകരിക്കില്ലെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.
സമാധാന ചർച്ചകൾ അവസാന ഘട്ടത്തിലെത്തിയെന്ന അഡീഷണൽ അഡ്വക്കറ്റ് ജനറലിന്റെ നിലപാട് വസ്തുതാവിരുദ്ധമാണെന്നും ഇതിൽ സഭയ്ക്കുള്ള അതൃപ്തി മുഖ്യമന്ത്രിയെ അറിയിച്ചതായും സഭാനേതൃത്വം വ്യക്തമാക്കി. ഇക്കാര്യം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.
അതേ സമയം അനുനയ നീക്കം അത്ര വിജയിച്ചതായല്ലാ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. നീതിനിഷേധം തുടരുമ്പോള്‍ ഇനിയൊരു ചര്‍ച്ചയില്ലെന്നും മുഖ്യമന്ത്രിയെ അറിയിച്ചെന്ന് ഓര്‍ത്തഡോക്‌സ് സഭ നേതൃത്വം സൂചിപ്പിച്ചു. മണര്‍കാട് ദേവാലയം, കോതമംഗലം ദേവാലയം എന്നിവിടങ്ങളില്‍ പാത്രീയാര്‍ക്കീസ് ബാവ പ്രവേശിച്ചത് നിയമലംഘനമാണെന്ന് വൈദിക ട്രസ്റ്റി ഫാദര്‍ തോമസ് വര്‍ഗീസ് അമയില്‍ പറഞ്ഞു.അതില്‍ അഡീഷണല്‍ എജി നല്‍കിയ നിയമോപദേശത്തില്‍ മലങ്കര സഭയ്ക്ക് ശക്തമായ വിയോജിപ്പുണ്ട്. ആ നിയമോപദേശത്തിന് പിന്നില്‍ ഒരു പൊളിറ്റിക്കല്‍ അജണ്ട ഉണ്ടോയെന്ന ആശങ്ക പങ്കുവെച്ചു. ഘടകകക്ഷികള്‍ ഉള്‍പ്പെടെയുള്ളവരുടെ സ്വാധീനം അതിലുണ്ടോയെന്നും സഭയ്ക്ക് ആശങ്കയുണ്ട്. സഭ ഉയര്‍ത്തുന്ന മണര്‍കാട് വിഷയം പോലെ ഒന്നാണ് കൂത്താട്ടുകുളം ആട്ടിന്‍കുന്നില്‍ ഉണ്ടായത്.
അതില്‍ ഈ മന്ത്രിസഭയിലെ ഒരു മന്ത്രി കൂടി ഉള്‍ക്കൊള്ളുന്നു എന്നതാണ് സഭയുടെ ആശങ്ക വര്‍ധിപ്പിക്കുന്നത്. അതിലുള്ള ശക്തമായ പ്രതികരണവും പ്രതിഷേധവും സങ്കടവും മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.