അടിമാലി: അടിമാലിയിലും കട്ടപ്പനയിലും ഭക്ഷ്യവിഷബാധയെത്തുടർന്ന് നൂറോളം പേർ ആശുപത്രിയിൽ. അടിമാലി ടൗണിൽ പ്രവർത്തിക്കുന്ന റെഡ് മുല്ലറ്റ് ബിബിക്യു റസ്റ്ററന്റിൽനിന്നു ഭക്ഷണം കഴിച്ച 55 ലേറെ പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു. ഇതിൽ ആരോഗ്യസ്ഥിതി വഷളായ പത്തോളം പേരെ തൊടുപുഴ, കോതമംഗലം എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരിൽ പലരും അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. പിഞ്ചുകുട്ടികൾ മുതൽ വയോധികർ വരെ ഭക്ഷ്യ വിഷബാധയേറ്റവരിൽ ഉൾപ്പെടുന്നുണ്ട്.
ശനിയാഴ്ച വൈകിട്ടു മുതൽ ഇവിടെനിന്ന് ഭക്ഷണം കഴിച്ചവരാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലായിരിക്കുന്നത്. അടിമാലി താലൂക്ക് ആശുപത്രി, 4 സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലാണ് കൂടുതൽ പേരും ചികിത്സ തേടിയിരിക്കുന്നത്. അൽഫാം, മന്തി, ഗ്രിൽഡ് ചിക്കൻ, മയോണൈസ് ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ കഴിച്ചവരാണ് ഭക്ഷ്യവിഷബാധയേറ്റത്.