Share this Article
News Malayalam 24x7
വിയ്യൂർ ജയിലിന് മുകളിൽ ഡ്രോൺ; ഡ്രോൺ പറത്തിയത് നിരോധിത മേഖലയിൽ
Viyyur Jail

തൃശൂർ നഗരത്തിലെ അതീവ സുരക്ഷാ മേഖലയായ വിയ്യൂർ ഹൈ സെക്യൂരിറ്റി പ്രിസൺ, സെൻട്രൽ ജയിൽ പരിസരങ്ങളിൽ പുലർച്ചെ ദുരൂഹ സാഹചര്യത്തിൽ ഡ്രോൺ പറത്തിയതായി കണ്ടെത്തൽ. വിയ്യൂർ ജയിൽ കോമ്പൗണ്ട്, ഫയർഫോഴ്സ് അക്കാദമി, ഗവ. എഞ്ചിനീയറിംഗ് കോളേജ് എന്നിവയ്ക്ക് മുകളിലാണ് ഇന്ന് പുലർച്ചെയോടെ ഡ്രോൺ പറന്നത്. സംഭവത്തിൽ വിയ്യൂർ പൊലീസും സ്പെഷ്യൽ ബ്രാഞ്ചും ഇന്റലിജൻസും സംയുക്തമായി അന്വേഷണം ആരംഭിച്ചു.

ഇന്ന് പുലർച്ചെ 12 മണി മുതൽ 3 മണി വരെയുള്ള സമയത്ത് മൂന്ന് തവണയാണ് ജയിൽ മേഖലയ്ക്ക് മുകളിൽ ഡ്രോൺ പറന്നത്. ഏകദേശം 60 മീറ്ററോളം ഉയരത്തിലാണ് ഇത് സഞ്ചരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ജയിൽ വാച്ച് ടവറുകളിൽ രാത്രി പെട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടതോടെയാണ് ജയിൽ അധികൃതർ വിയ്യൂർ പൊലീസിൽ വിവരം അറിയിച്ചത്. ഡ്രോൺ നിരോധിത മേഖലയിലാണ് ഈ നിയമലംഘനം ഉണ്ടായിരിക്കുന്നത്.


സാമൂഹിക മാധ്യമങ്ങളിലെ റീൽസ് ചിത്രീകരണങ്ങൾക്കായി ആരെങ്കിലും ഡ്രോൺ പറത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനമെങ്കിലും, അതീവ സുരക്ഷാ ജയിലിന് മുകളിൽ പുലർച്ചെ സമയത്ത് ഡ്രോൺ പറന്നതിനെ ഗൗരവത്തോടെയാണ് സുരക്ഷാ ഏജൻസികൾ കാണുന്നത്. തീവ്രവാദ കേസുകളിലെ പ്രതികളും കൊടും കുറ്റവാളികളും പാർക്കുന്ന അതീവ സുരക്ഷാ ജയിലിന്റെ ദൃശ്യങ്ങൾ പകർത്താനോ സുരക്ഷാ ക്രമീകരണങ്ങൾ നിരീക്ഷിക്കാനോ ഉള്ള ശ്രമമാണോ ഇതിന് പിന്നിലെന്ന് പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ ജയിൽ സൂപ്രണ്ട് പൊലീസിന് ഔദ്യോഗികമായി റിപ്പോർട്ട് സമർപ്പിക്കുന്നതോടെ കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ നീക്കം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories