തിരുവനന്തപുരം: സത്യപ്രതിജ്ഞാ വിവാദത്തില്‍ കോര്‍പറേഷന്‍ മേയറും ഡെപ്യൂട്ടി മേയറും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. മേയര്‍ വിവി രാജേഷ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. ചികിത്സ തേടിയ മേയറുടെ കാലില്‍ പ്ലാസ്റ്ററിട്ടു. ഡെപ്യൂട്ടി മേയര്‍ ആശാനാഥ് ഉള്‍പ്പെടെ പതിനഞ്ചോളം പേര്‍ക്ക് പരിക്കുണ്ട്.
മേയർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് പ്രവർത്തകർ ഓഫീസ് ഉപരോധിച്ചതോടെ നഗരസഭ വൻ സംഘർഷത്തിലേക്ക് എത്തി. മേയർ ഓഫീസിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ കടുത്ത ഉന്തും തള്ളലുമുണ്ടായി. മേയറുടെ വരവോടെ നഗരസഭയ്ക്കുള്ളിലും പുറത്തും വലിയ തോതിലുള്ള അങ്ങോട്ടുമിങ്ങോട്ടുമുള്ള അടിയും സംഘർഷവുമാണ് അരങ്ങേറിയത്.
ഓഫിസില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ സിപിഐഎം കൗണ്‍സിലര്‍മാര്‍ മേയറെ തടഞ്ഞതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പ്രതിഷേധത്തിനിടെ മേയറും ഡെപ്യൂട്ടി മേയറും ഓഫിസിലേക്കെത്തി. എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ഇവരെ തടയാന്‍ ശ്രമിച്ചപ്പോള്‍ ബിജെപി കൗണ്‍സിലര്‍മാര്‍ പ്രതിരോധവുമായി രംഗത്തെത്തി. മേയറും ഡെപ്യൂട്ടി മേയറും ബലംപ്രയോഗിച്ച് ഓഫിസില്‍ കയറി. ഇതിനിടെ ഉന്തിലും തള്ളിലും സിപിഐഎം വനിത കൗണ്‍സിലറുടെ തലയ്ക്ക് പരിക്കേറ്റു. ഇവരെയും ആശുപത്രിയിലേക്ക് മാറ്റി.
മേയറെ ഓഫിസിലേക്ക് കയറ്റില്ലെന്ന് തിട്ടൂരം പുറപ്പെടുവിക്കാന്‍ എല്‍ഡിഎഫിന് ആരാണ് അധികാരം നല്‍കിയതെന്ന് വിവി രാജേഷ് ചോദിച്ചു. അക്രമങ്ങള്‍ അംഗീകരിക്കില്ലെന്നും ബിജെപി കൗണ്‍സിലര്‍മാര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു. ബിജെപി കൗണ്‍സിലര്‍മാര്‍ സ്വകാര്യമായി സത്യപ്രതിജ്ഞ ചെയ്തതിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുക മാത്രമാണ് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ചെയ്തതെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അക്രമം അഴിച്ചുവിട്ടത് ബിജെപി കൗണ്‍സിലര്‍മാരാണെന്നും കടകംപള്ളി പറയുന്നു.അതേസമയം, കൗണ്‍സിലര്‍ ആര്‍ സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര സെക്രട്ടറി ഇന്നലെ അംഗീകാരം നല്‍കിയിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വീണ്ടും സത്യപ്രതിജ്ഞക്ക് അവസരം നല്‍കണമെന്നാവശ്യപ്പെട്ട് സുഗതന്‍ ഹൈക്കോടതിയെ സമീപിക്കും.കഴിഞ്ഞ ദിവസം ഹൈക്കോടതി വിധിയെ തുടർന്ന് 19 കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് കോർപ്പറേഷനിൽ പ്രതിഷേധം ശക്തമായത്.