Share this Article
News Malayalam 24x7
ആലപ്പുഴയിലെ ഗണ്‍മാന്‍മാരുടെ രക്ഷാപ്രവര്‍ത്തനം; SITയെ നിയോഗിച്ചുള്ള ഉത്തരവ് ഇന്നിറങ്ങും
Alappuzha Convoy Incident

ആലപ്പുഴയിൽ നടന്ന നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ മർദ്ദിച്ച സംഭവത്തിൽ പുനരന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഇന്ന് ആഭ്യന്തര വകുപ്പ് പുറത്തിറക്കും.

എസ്.പി റാങ്കിലുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരിക്കും പുതിയ അന്വേഷണ സംഘം കേസ് അന്വേഷിക്കുക. ഡി.ജി.പി സമർപ്പിച്ച ശുപാർശ ആഭ്യന്തര മന്ത്രി പരിശോധിച്ച ശേഷമാണ് ഉത്തരവ് പുറപ്പെടുവിക്കുന്നത്. മർദ്ദനവുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നു.


2023 ഡിസംബറിലായിരുന്നു കേരളത്തെ പിടിച്ചുലച്ച ഈ മർദ്ദന സംഭവം അരങ്ങേറിയത്. നവകേരള സദസ്സിനിടെ ആലപ്പുഴയിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് കറുത്ത കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. ലാത്തി ഉപയോഗിച്ചുള്ള മർദ്ദനത്തിൽ പല പ്രവർത്തകർക്കും സാരമായ പരിക്കേറ്റിരുന്നു.


ഈ സംഭവത്തിൽ മുൻ സർക്കാർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് വലിയ വിവാദമായിരുന്നു. പ്രവർത്തകരെ മർദ്ദിച്ചത് അവരെ വാഹനത്തിൽ നിന്നും മാറ്റാനുള്ള 'രക്ഷാപ്രവർത്തനം' ആയിരുന്നു എന്നായിരുന്നു അന്ന് ആഭ്യന്തര വകുപ്പ് കോടതിയിൽ വിശദീകരിച്ചിരുന്നത്. എന്നാൽ ദൃശ്യങ്ങൾ സഹിതം ഇത് മർദ്ദനമാണെന്ന് വ്യക്തമായിട്ടും തുടർ നടപടികൾ എടുക്കാത്തതിനെതിരെ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കിയിരുന്നു. പുതിയ പ്രത്യേക അന്വേഷണ സംഘം വരുന്നതോടെ ഗൺമാൻമാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories