മന്തിയുടെ അളവ് കുറഞ്ഞുപോയെന്ന് ആരോപിച്ച് കരുനാഗപ്പള്ളിയിലെ പ്രശസ്തമായ മന്തി റെസ്റ്റോറന്റിൽ യുവാവിന്റെ പരാക്രമം. കരുനാഗപ്പള്ളിയിലെ പ്രമുഖ മന്തി ഹോട്ടലായ 'മന്തി മൻസിലി'ലാണ് തിങ്കളാഴ്ച രാത്രി നാടകീയ രംഗങ്ങൾ അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് അക്രമം നടത്തിയ തേവലക്കര സ്വദേശിയായ അജ്മലിനെ കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു.
കൈയിൽ മദ്യക്കുപ്പിയുമായി റെസ്റ്റോറന്റിലെത്തിയ അജ്മൽ ഭക്ഷണം കഴിച്ചതിന് ശേഷമാണ് ജീവനക്കാരുമായി തർക്കത്തിലേർപ്പെട്ടത്. തനിക്ക് നൽകിയ മന്തിയുടെ അളവ് വളരെ കുറവാണെന്നായിരുന്നു ഇയാളുടെ ആക്ഷേപം. തുടർന്ന് യാതൊരുവിധ പ്രകോപനവുമില്ലാതെ അജ്മൽ റെസ്റ്റോറന്റിന്റെ മുൻവശത്തെ കൗണ്ടറിലെ ഗ്ലാസുകളും വാതിലിലെ ചില്ലുകളും കസേരകളും അടിച്ചുതകർക്കുകയായിരുന്നു. അക്രമത്തിൽ റെസ്റ്റോറന്റിലെ ഫർണിച്ചറുകൾക്കും ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
റെസ്റ്റോറന്റിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മറ്റ് കുടുംബങ്ങളും ജീവനക്കാരും അക്രമത്തെ തുടർന്ന് പരിഭ്രാന്തരായി ഓടിമാറി. കൗണ്ടറിലിരുന്ന ജീവനക്കാരന് നേരെയും അക്രമം നടത്താൻ ശ്രമമുണ്ടായി. ഒടുവിൽ റെസ്റ്റോറന്റിലുണ്ടായിരുന്നവരും നാട്ടുകാരും ചേർന്നാണ് അക്രമകാരിയായ യുവാവിനെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയത്.
തുടർന്ന് കരുനാഗപ്പള്ളി പൊലീസിൽ വിവരമറിയിക്കുകയും പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. റെസ്റ്റോറന്റ് അധികൃതരുടെ പരാതിയിൽ പൊതുമുതൽ നശിപ്പിച്ചതിനും അതിക്രമം കാട്ടിയതിനും അജ്മലിനെതിരെ കേസെടുത്ത് പൊലീസ് തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.