പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ മുറിവിന് തുന്നലിടാൻ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ ആരോപണവിധേയരായ ഡോക്ടർമാരെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. പീഡിയാട്രീഷ്യൻ ഡോ. ആശാ നിർമൽ, പ്ലാസ്റ്റിക് സർജൻ ഡോ. ആരതി അന്തർജനം എന്നിവരോട് ഇന്ന് സ്റ്റേഷനിൽ നേരിട്ട് ഹാജരാകാൻ പയ്യന്നൂർ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, കേസിൽ പ്രതി ചേർക്കപ്പെട്ട അനസ്തേഷ്യ നൽകിയ ഡോക്ടർ അഞ്ജലിയുടെ മൊബൈൽ ഫോൺ ഇപ്പോഴും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇവർക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
പയ്യന്നൂർ എരമം സ്വദേശികളായ സൂരജ്-വിജിഷ ദമ്പതികളുടെ ഏകമകൻ ദേവാൻഷ് ശൗര്യയാണ് കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കളിക്കുന്നതിനിടെ വീണ് ചുണ്ടിൽ മുറിവേറ്റ കുട്ടിയെ ജൂലൈ 5-നാണ് പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുന്നലിടാൻ വേണ്ടി അനസ്തേഷ്യ നൽകിയതിന് പിന്നാലെ കുട്ടിക്ക് അബോധാവസ്ഥയും തുടർന്ന് ഹൃദയസ്തംഭനവും സംഭവിക്കുകയായിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു.
അടിയന്തര സാഹചര്യങ്ങളിൽ അല്ലാതെ രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് അനസ്തേഷ്യ നൽകാറില്ലെന്നും, കുട്ടിയുടെ ജീവൻ അപകടത്തിലാക്കുന്ന രീതിയിലാണ് ഡോക്ടർമാർ പ്രവർത്തിച്ചതെന്നും ചൂണ്ടിക്കാണിച്ച് ബന്ധുക്കൾ നൽകിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. അശ്രദ്ധമായ ചികിത്സയ്ക്ക് ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 125 പ്രകാരമാണ് ഡോക്ടർ അഞ്ജലിക്കെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തിട്ടുള്ളത്.
വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ പാനൽ യോഗം ചേർന്ന് കുട്ടിയുടെ ചികിത്സാ രേഖകളും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും പരിശോധിക്കും. ഇതിനൊപ്പം പയ്യന്നൂർ ആശുപത്രിയിലെ ഡോക്ടർമാരുടെ വിശദീകരണവും രേഖപ്പെടുത്തിയ ശേഷം തയ്യാറാക്കുന്ന റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് (ഡി.എം.ഒ) കൈമാറും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികളിലേക്ക് പൊലീസ് കടക്കുക.