Share this Article
News Malayalam 24x7
നാല് ദിവസമായി വീട് പൂട്ടിക്കിടക്കുന്നു, ഫോണെല്ലാം സ്വിച്ച്ഓഫ്, വാണിയംകുളത്ത് കുടുംബത്തെ കാണാതായ സംഭവം; സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവ് ചുരത്തില്‍ കണ്ടെത്തി
വെബ് ടീം
13 hours 22 Minutes Ago
1 min read
 Vaniyamkulam

പാലക്കാട്: വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബം സഞ്ചരിച്ച പിക്കപ്പ് വാഹനം മലപ്പുറം വഴിക്കടവ് ചുരത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ വഴിക്കടവ് പൊലിസും ഷൊര്‍ണൂര്‍ പൊലിസും ചേര്‍ന്ന് പ്രദേശത്ത് വ്യാപക തിരച്ചില്‍ തുടരുകയാണ്.

വാണിയംകുളം കൃഷ്ണകൃപ വീട്ടില്‍ ബാബു ഭാസ്‌കര്‍, ഭാര്യ രമാദേവി, മകന്‍ വിഷ്ണു എന്നിവരെയാണ് കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ കാണാതായത്. ബന്ധുവീട്ടിലെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയാണെന്ന് അയല്‍വാസികളോട് പറഞ്ഞാണ് ഇവര്‍ വീട്ടില്‍ നിന്ന് പുറപ്പെട്ടതെന്നാണ് വിവരം.മൂന്നുപേരെയും കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കളാണ് ഷൊര്‍ണൂര്‍ പൊലിസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലിസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ നാല് ദിവസമായി ഇവരുടെ വാണിയംകുളത്തെ വീട് പൂട്ടിക്കിടക്കുകയാണ്.

വ്യാഴാഴ്ച പുലര്‍ച്ചെ ഇവരുടെ പിക്കപ്പ് വാഹനം വീട്ടില്‍ നിന്ന് പുറപ്പെടുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചിട്ടുണ്ട്. ആ വാഹനത്തിലാണ് മൂന്നുപേരും യാത്രതിരിച്ചതെന്നാണ് പൊലിസിന്റെ നിഗമനം. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും മറ്റ് ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

കാണാതായവരുടെ മൊബൈല്‍ ഫോണുകള്‍ എല്ലാം നിലവില്‍ സ്വിച്ച് ഓഫ് ആണ്. ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ പാലക്കാട് പനയൂരിലുള്ള വീടിന്റെ പരിസരമാണ് അവസാനമായി രേഖപ്പെട്ട ലൊക്കേഷനെന്ന് പൊലിസ് അറിയിച്ചു. വാഹനം കണ്ടെത്തിയ സാഹചര്യത്തില്‍ കുടുംബത്തെ കണ്ടെത്താനുള്ള തിരച്ചില്‍ കൂടുതല്‍ വ്യാപിപ്പിച്ചിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories