പേരാമ്പ്രയിൽ കാറിന് തീപിടിച്ച് ആറുമാസം ഗർഭിണിയായ യുവതി മരിച്ച സംഭവം കേവലം ഒരു അപകടമല്ലെന്നും, കൃത്യമായി ആസൂത്രണം ചെയ്തതാണെന്നും സൂചിപ്പിക്കുന്ന നിർണ്ണായക തെളിവുകൾ പൊലീസിന് ലഭിച്ചു. ചെറുവണ്ണൂർ കക്കറമുക്ക് റോഡിൽ വെച്ച് നടന്ന ഈ ദാരുണ സംഭവത്തിൽ കുറ്റ്യാടി സ്വദേശിനി സോനയാണ് മരിച്ചത്.
അന്വേഷണത്തിൽ പൊലീസിന് ലഭിച്ച ഏറ്റവും പ്രധാനപ്പെട്ട തെളിവ് ഒരു യുവതി പെട്രോൾ പമ്പിൽ നിന്ന് കാനിൽ പെട്രോൾ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ്. അപകടം നടക്കുന്നതിന് തൊട്ടുമുൻപ് അടുത്തുള്ള പമ്പിൽ നിന്നാണ് പെട്രോൾ വാങ്ങിയത്. ദൃശ്യങ്ങളിലുള്ള യുവതി സോന തന്നെയാണോ അതോ മറ്റാരെങ്കിലുമാണോ എന്ന് പൊലീസ് സ്ഥിരീകരിക്കാൻ ശ്രമിക്കുകയാണ്.
കാറിനുള്ളിൽ പെട്രോൾ ഒഴിച്ചതാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫൊറൻസിക് പരിശോധനയിൽ കാറിന്റെ ബോണറ്റിലെ എൻജിൻ ഭാഗത്തോ വയറിങ്ങിനോ തകരാറുകൾ കണ്ടെത്തിയിട്ടില്ല. കൂടാതെ ഡീസൽ ടാങ്കും സുരക്ഷിതമാണ്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരങ്ങൾ എങ്കിലും, പരിശോധനയിൽ അങ്ങനെയല്ലെന്ന് വ്യക്തമായി. കാറിനുള്ളിൽ നിന്നും പെട്രോൾ നിറച്ച കാനിന്റെ അടപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അപകടസമയത്ത് സോനയുടെ ഭർത്താവ് രജിൻ ലാലാണ് കാർ ഓടിച്ചിരുന്നത്. സോന പിൻസീറ്റിലായിരുന്നു. കാറിന് തീപിടിച്ചയുടൻ രജിൻ ലാൽ പുറത്തിറങ്ങുകയും അടുത്തുള്ള തോട്ടിലേക്ക് ചാടി രക്ഷപ്പെടുകയും ചെയ്തു. കാറിന്റെ ഡോർ ലോക്ക് കുടുങ്ങിപ്പോയതിനാലാണ് സോനയെ രക്ഷിക്കാൻ കഴിയാതിരുന്നതെന്നാണ് രജിൻ ലാൽ പോലീസിന് നൽകിയ മൊഴി. എന്നാൽ രജിൻ ലാലിന്റെ മൊഴിയിൽ സോനയുടെ ബന്ധുക്കൾ നേരത്തെ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു.
കാറിനുള്ളിൽ പെട്രോൾ എന്തിനാണ് സൂക്ഷിച്ചത്, തീ എങ്ങനെ പടർന്നു തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താൻ രജിൻ ലാലിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. സിസിടിവി ദൃശ്യങ്ങൾ കൂടി ലഭിച്ചതോടെ കേസ് ആസൂത്രിതമായ ഒരു കൊലപാതകമാണോ എന്ന ദിശയിലേക്കാണ് അന്വേഷണം നീങ്ങുന്നത്. കൂടുതൽ ഫോറൻസിക് പരിശോധന ഫലങ്ങൾ വന്നാൽ മാത്രമേ മരണത്തിലെ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.