വൈറ്റില റെയിൽവേ പാളത്തിന് സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. കേസിലെ പ്രതിയായ കൊച്ചി സ്വദേശി ഷാജിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശിനി സുധ ബേബി (35) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പുലർച്ചെയാണ് സുധയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ വേഗത്തിൽ വലയിലാക്കാൻ സഹായിച്ചത്. സുധയും പ്രതിയായ ഷാജിയും കാറിൽ വന്നിറങ്ങുന്നതും പിന്നീട് റെയിൽവേ ട്രാക്കിന് സമീപത്തേക്ക് നടന്നുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. കുറച്ചുസമയത്തിന് ശേഷം ഷാജി തനിയെ കാറിൽ കയറി തിരിച്ചുപോകുന്നതും ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു. തിരിച്ചു പോകുമ്പോൾ ഷാജിയുടെ വസ്ത്രങ്ങളിൽ രക്തക്കറ ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി.
മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ച മൊബൈൽ ഫോണാണ് കൊല്ലപ്പെട്ടത് സുധയാണെന്ന് തിരിച്ചറിയാൻ സഹായിച്ചത്. പുലർച്ചെ മൂന്ന് മണിയോടെയാണ് റെയിൽവേ പാളത്തിന് സമീപം സുധയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ട സുധയും ഷാജിയും തമ്മിൽ മുൻപേ പരിചയം ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണങ്ങൾ കണ്ടെത്താൻ പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ശാസ്ത്രീയമായ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് എറണാകുളം സിറ്റി പൊലീസ് അറിയിച്ചു.