അനസ്തേഷ്യ നൽകിയതിനെ തുടർന്ന് ഒന്നര വയസ്സുകാരൻ ദേവാംശ് ശൗര്യ മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം വേഗത്തിലാക്കണമെന്ന് കുഞ്ഞിന്റെ കുടുംബം. ചികിത്സാപ്പിഴവിന് കാരണക്കാരായ ഡോക്ടർമാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും നീതി ലഭിക്കും വരെ നിയമപോരാട്ടം തുടരുമെന്നും അച്ഛൻ സൂരജ് പറഞ്ഞു. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് പരാതി നൽകുമെന്നും കുടുംബം വ്യക്തമാക്കി.
പയ്യന്നൂർ സ്വദേശികളായ സൂരജിന്റെയും വിജീഷയുടെയും ഏക മകനാണ് ദേവാംശ്. കളിക്കുന്നതിനിടെ വീണ് ചുണ്ടിലും താടിയിലും മുറിവേറ്റതിനെ തുടർന്നാണ് കുഞ്ഞിനെ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചത്. മുറിവിന് തയ്യലിടാനായി കുഞ്ഞിന് അനസ്തേഷ്യ നൽകുകയായിരുന്നു. എന്നാൽ ഇതിനുപിന്നാലെ കുഞ്ഞിന്റെ നില വഷളാവുകയും തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചികിത്സാപ്പിഴവിന് പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർ അഞ്ജലി പൊതുവാളിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കേസിൽ ഡോ. അഞ്ജലി പൊതുവാൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി കോടതി ഈ മാസം 27-ന് പരിഗണിക്കും. കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദികളായ മുഴുവൻ ആളുകളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും ആവശ്യം.