കോഴിക്കോട്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിക്കാൻ കാരന്തൂർ മർകസിൽ എത്തിയ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്‌റാഹീമിന് ഉജ്ജ്വല സ്വീകരണം. അഞ്ചുദിവസത്തെ ഇന്ത്യ പര്യടനത്തിന്റെ ഭാഗമായി ഡൽഹിയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്ക് ശേഷമാണ് അദ്ദേഹം കോഴിക്കോടെത്തിയത്.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും പരിപാടിയിൽ പങ്കെടുക്കാൻ മർകസിലെത്തി. ആദ്യമായാണ് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഒരു ഔദ്യോഗിക പരിപാടിക്കായി മർകസിലെത്തുന്നത്. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് ഇരു നേതാക്കളും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്.
വൈകുന്നേരം 5:40 ഓടെ മർകസിൽ എത്തിയ മലേഷ്യൻ പ്രധാനമന്ത്രിയെ മർകസ് വർക്കിങ് സെക്രട്ടറി ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, സെക്രട്ടറി സി മുഹമ്മദ് ഫൈസി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ശേഷം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുമായി അദ്ദേഹം പ്രത്യേക കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ മർകസും മലേഷ്യൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തമ്മിലുള്ള വിദ്യാഭ്യാസ വിനിമയ ബന്ധങ്ങൾ, വിദ്യാഭ്യാസ-സാംസ്കാരിക-വൈജ്ഞാനിക സഹകരണം, മലേഷ്യയിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമകാര്യങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ കൂടിക്കാഴ്ചയിൽ ഇരുവരും പങ്കുവെച്ചു.
ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ എക്സലൻസ് അവാർഡ് മർകസ് കൺവെൻഷൻ സെന്ററിൽ നടന്ന സ്വീകരണ സംഗമത്തിൽ കൈമാറി. കഴിഞ്ഞ മൂന്നു വർഷങ്ങളിലായി മലേഷ്യൻ സർക്കാരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ഹദീസ് പാരായണ സംഗമങ്ങൾക്കുള്ള ആദരസൂചകമായി ലോകപ്രശസ്ത ഹദീസ് ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയുടെ കയ്യെഴുത്ത് പ്രതി ഗ്രാൻഡ് മുഫ്തി പ്രധാനമന്ത്രിക്ക് സമ്മാനിച്ചു.
സ്വീകരണ സംഗമത്തിന് ശേഷം മത-രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക-വ്യവസായ രംഗത്തെ പ്രമുഖർ സംബന്ധിച്ച ഗ്രാൻഡ് മുഫ്തിയുടെ അത്താഴ വിരുന്നിലും അൻവർ ഇബ്‌റാഹീം പങ്കെടുത്തു. 9:30 ഓടെ കാന്തപുരത്തിനൊപ്പം ദക്ഷിണേന്ത്യയിലെ പ്രമുഖ തീർഥാടന കേന്ദ്രമായ മടവൂർ സിഎം വലിയുല്ലാഹി മഖാമും അദ്ദേഹം സന്ദർശിച്ചു.ഇത് രണ്ടാം തവണയാണ് അൻവർ ഇബ്‌റാഹീം ഗ്രാൻഡ് മുഫ്തിയെ സന്ദർശിക്കാൻ കേരളത്തിലെത്തുന്നത്. പ്രധാനമന്ത്രിയാവുന്നതിന് ഏതാനും ആഴ്ചകൾക്ക് മുമ്പ് 2022 സെപ്റ്റംബറിലായിരുന്നു ആദ്യ മർകസ് സന്ദർശനം. 2023ൽ മതപണ്ഡിതർക്കുള്ള പരമോന്നത ബഹുമതിയായ ഹിജ്റ പുരസ്കാരം മലേഷ്യൻ സർക്കാർ കാന്തപുരത്തിന് സമ്മാനിച്ചിരുന്നു. കാന്തപുരത്തിന്റെ ആറുപതിറ്റാണ്ട് നീണ്ട ഹദീസ് അധ്യാപനത്തിന് ആദരസൂചകമായി മലേഷ്യൻ സർക്കാരിന്റെ ആഭിമുഖ്യത്തിൽ 2023, 2024, 2025 വർഷങ്ങളിൽ ക്വാലാലംപൂരിൽ ഗ്രാൻഡ് മുഫ്തിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ഹദീസ് പാരായണ സംഗമങ്ങൾ സംഘടിപ്പിച്ചിരുന്നു.