കൊച്ചി: അത്യാധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്തി യാത്രക്കാർക്ക് വേറിട്ട അനുഭവം സമ്മാനിക്കാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ). ഇതിൻ്റെ ഭാഗമായി യാത്രക്കാരെ സഹായിക്കാനും വിവരങ്ങൾ പങ്കുവയ്ക്കാനുമായി വിമാനത്താവളത്തിൽ ഹൈടെക് റോബോട്ട് സേവനത്തിന് തുടക്കമായി.സിയാൽ മാനേജിങ് ഡയറക്ടർ ശ്രീ എസ്.സുഹാസ് ഐ.എ.എസ് ഉദ്ഘാടനം നിർവ്വഹിച്ചു. ഡിജിറ്റൽ യുഗത്തിൽ ഏവിയേഷൻ മേഖലയിലെ സേവനങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ് സിയാൽ ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഡൊമസ്റ്റിക് ടെർമിനലിലെ സെക്യൂരിറ്റി ഹോൾഡ് ഏരിയയിൽ സജ്ജീകരിച്ചിട്ടുള്ള 'കലാങ്കണം' എന്ന സാംസ്കാരിക മ്യൂസിയത്തിലാണ് ആദ്യഘട്ടമായി റോബോട്ടിനെ നിയോഗിച്ചിരിക്കുന്നത്. നൂതന നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്) അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ സംവിധാനത്തോട് യാത്രക്കാർക്ക് നേരിട്ട് സംസാരിക്കാനും ആവശ്യമായ സംശയങ്ങൾ ദുരീകരിക്കാനും സാധിക്കും.
ഭാഷാപരമായ തടസ്സങ്ങളില്ലാതെ തത്സമയം കൃത്യമായ വിവരങ്ങൾ ലഭ്യമാക്കാൻ ഇതിന് സാധിക്കുമെന്നത് യാത്രക്കാർക്ക് ഏറെ സഹായകരമാണ്. വിമാനങ്ങളുടെ പുറപ്പെടൽ, ആഗമന സമയങ്ങൾ, ബോർഡിങ് ഗേറ്റുകൾ ഏതാണ്, ടെർമിനലിനുള്ളിലെ പ്രധാന സൗകര്യങ്ങൾ എവിടെയെല്ലാം സ്ഥിതിചെയ്യുന്നു തുടങ്ങിയ വിമാനത്താവള സംബന്ധമായ എല്ലാ ചോദ്യങ്ങൾക്കും റോബോട്ട് ഉടൻ ഉത്തരം നൽകും. കൂടാതെ, വിദൂര സ്ഥലങ്ങളിൽ നിന്നുള്ള യാത്രക്കാരെ ടെർമിനലിനുള്ളിലെ നിർദിഷ്ട കേന്ദ്രങ്ങളിലേക്ക് നേരിട്ട് വഴിനടത്തിക്കൊണ്ടുപോകാനും ഇതിന് ശേഷിയുണ്ട്.