വലപ്പാട്: തൃപ്രയാറിലെ ജിംനേഷ്യത്തിന്റെയും ബ്യൂട്ടി സലൂണിന്റെയും മറവിൽ വൻതോതിൽ ലഹരിമരുന്ന് വിൽപന നടത്തിയിരുന്ന താന്ന്യം സ്വദേശിനി ശ്രീലക്ഷ്മിയെ കഴിഞ്ഞ മാർച്ച് 23-ന് കരയാമുട്ടം സൊസൈറ്റിക്ക് സമീപമുള്ള വാടകവീട്ടിൽ നിന്നും തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘവും വലപ്പാട് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു.
2.270 കിലോഗ്രാം ഹാഷിഷ് ഓയിൽ, മയക്കുമരുന്ന് വിൽപന നടത്തി അനധികൃതമായി സമ്പാദിച്ച 90,500/- രൂപ, ഹാഷിഷ് ഓയിൽ ചില്ലറ വിൽപന നടത്തുന്നതിനായി ഉപയോഗിക്കുന്ന 50 ഒഴിഞ്ഞ ചെറിയ പ്ലാസ്റ്റിക് ബോട്ടിലുകൾ എന്നിവ സഹിതമാണ് അന്ന് യുവതി അറസ്റ്റിലായത്.ഈ കേസിലെ തുടർ അന്വേഷണത്തിലാണ് ശ്രീലക്ഷ്മിക്ക് ഹാഷിഷ് ഓയിൽ എത്തിച്ച് നൽകിയിരുന്നത് കുറുമ്പിലാവ് വില്ലേജ് കോട്ടം സ്വദേശി ശരത് കുമാർ (33) ആണെന്നും, ശരത് കുമാറിനും ശ്രീലക്ഷ്മിക്കും ഹാഷിഷ് ഓയിൽ എത്തിച്ച് നൽകിയിരുന്നത് മാടായിക്കോണം സ്വദേശി വൈശാഖ് (32) ആണെന്നും കണ്ടെത്തിയത്. തുടർന്ന് ശരത് കുമാറിനെയും വൈശാഖിനെയും തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.