തിരുവനന്തപുരം വിളവൂർക്കലിൽ ഒരു വയസ്സുള്ള കുഞ്ഞിനെ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ നടുങ്ങി നാട്. ഒരു വയസ്സും രണ്ടുമാസവും പ്രായമുള്ള ഇവാനി എന്ന കുരുന്ന് കൊല്ലപ്പെട്ടത് വിശ്വസിക്കാനാവാതെ ബന്ധുക്കളും വീട്ടുകാരും. കുഞ്ഞിന്റെ അമ്മ ക്രിസ്റ്റിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.ഭർത്താവ് അഭിജിത്തിന് തന്നെ സംശയമായിരുന്നെന്നും തന്‍റെ വീട്ടിലേക്ക് പോലും വിട്ടിരുന്നില്ലെന്നും കുട്ടിയുടെ മാതാവ് ക്രിസ്റ്റി പൊലീസിനോട് സമ്മതിച്ചു.
കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാനായിരുന്നു ആലോചനയെന്നും കഴുത്തുമുറിഞ്ഞതോടെ കുട്ടി നിലത്ത് വീണ് പിടയുന്നത് കണ്ട് പരിഭ്രാന്തയായതോടെ അതിന് സാധിച്ചില്ലെന്നും മാതാവ് പറഞ്ഞു. ക്രിസ്റ്റിയും അഭിജിത്തും തമ്മിൽ ഇന്നും വഴക്ക് നടന്നെന്നാണ് വിവരം. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെയാണ് മാതാവിന്‍റെ വെളിപ്പെടുത്തൽ.
വീടിനുള്ളിൽ മുറി പൂട്ടിയിട്ട ശേഷമാണ് ക്രിസ്റ്റി കുഞ്ഞിന്റെ കഴുത്തറുത്തത്. കുഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് വാതിൽ തുറന്നപ്പോഴാണ് ചോരയിൽ കുളിച്ച നിലയിൽ കുഞ്ഞിനെ കണ്ടത്. ഉടൻ തന്നെ കുഞ്ഞിനെ മലയിൻകീഴ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം എസ്എടി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിവാഹം കഴിഞ്ഞ് മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് അഭിജിത്തിനും ക്രിസ്റ്റിക്കും മകൾ ജനിക്കുന്നത്.ദമ്പതികൾ തമ്മിൽ നിരന്തരം വഴക്കുണ്ടായിരുന്നതായി വിവരമുണ്ട്. എന്നാൽ കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണം എന്താണെന്ന് പോലീസ് ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. വൈകുന്നേരം നാല് മണിയോടെ കുഞ്ഞിന്‍റെ ബന്ധു കുട്ടിയോടൊപ്പം കളിക്കാനായി സ്ഥലത്തെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കുഞ്ഞിന്‍റെ അനക്കം കേൾക്കാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ, ഞാനെന്‍റെ കൊച്ചിനെ കൊന്നേയെന്ന് ക്രിസ്റ്റി അലറുകയായിരുന്നെന്ന് ബന്ധു പറഞ്ഞു.