Share this Article
News Malayalam 24x7
27,000 രൂപ വരുമ്പോള്‍ അതില്‍ നിന്നും കുറയ്ക്കാം,'ഹലോ, മുതലാളിയല്ലേ, 2000 വാങ്ങിച്ചോളാം'; പയ്യന്നൂരില്‍ കടയില്‍ നിന്നും ജീവനക്കാരിയെ കബളിപ്പിച്ച് പണം തട്ടി
വെബ് ടീം
13 hours 33 Minutes Ago
1 min read
KESTAR GRAPHICS

കണ്ണൂരിൽ പട്ടാപ്പകല്‍ ജീവനക്കാരിയെ കബളിപ്പിച്ച് കടയില്‍ നിന്ന് പണം അപഹരിച്ചതായി പരാതി. പയ്യന്നൂരിലെ കെസ്റ്റര്‍ ഗ്രാഫിക്‌സ് എന്ന സ്ഥാപനത്തിലാണ് സംഭവം. സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിയുടെ മുന്നില്‍ വെച്ചാണ് തന്ത്രപരമായി പണം അപഹരിച്ചത്. സംഭവത്തില്‍ പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ജീവനക്കാരി തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.

ഉച്ചസമയത്ത് യുവതി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് അപരിചിതനായ ഒരാള്‍ കടയിലേക്ക് വന്നത്. സ്ഥാപനത്തിലെ മറ്റ് ജീവനക്കാര്‍ അവധിയിലായിരുന്നു. ഉടമയെ അന്വേഷിച്ച ഇയാള്‍, താന്‍ ഫിനാന്‍സില്‍ നിന്നാണെന്ന് യുവതിയെ തെറ്റിദ്ധരിപ്പിച്ചു. തുടര്‍ന്ന് ഫോണില്‍ ഉടമയോട് സംസാരിക്കുന്നതായി അഭിനയിച്ചു.ജയകുമാര്‍ എന്നൊരാള്‍ വന്ന് 27,000 രൂപ നല്‍കുമെന്നും അത് വാങ്ങി വെക്കണമെന്നും ഇയാള്‍ യുവതിയോട് ആവശ്യപ്പെട്ടു. ഇതിനുശേഷം കടയിലെ കൗണ്ടറില്‍ 2000 രൂപയുണ്ടോ എന്ന് അന്വേഷിച്ചു. 1500 രൂപ മാത്രമേ ഉള്ളൂവെന്ന് യുവതി അറിയിച്ചപ്പോള്‍, ആ തുക നല്‍കാന്‍ ആവശ്യപ്പെട്ടു. 27,000 രൂപ വരുമ്പോള്‍ അതില്‍ നിന്നും കുറയ്ക്കാമെന്നും പറഞ്ഞു. ഉടമയെ വിളിച്ചു ചോദിക്കാമെന്ന് യുവതി പറഞ്ഞയുടനെ, മേശപ്പുറത്തുണ്ടായിരുന്ന 1500 രൂപയുമെടുത്ത് ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

പെട്ടെന്നുണ്ടായ സംഭവത്തില്‍ പകച്ചുപോയ യുവതിക്ക് ഉടന്‍ തന്നെ പ്രതികരിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് തൊട്ടടുത്തുള്ള കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തനിക്ക് പറ്റിയ അബദ്ധം മറ്റാര്‍ക്കും സംഭവിക്കാതിരിക്കാനാണ് താന്‍ ഈ വിവരങ്ങള്‍ പങ്കുവെക്കുന്നതെന്ന് യുവതി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

മോഷ്ടാവിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലോ 7012129193 എന്ന നമ്പറിലോ അറിയിക്കണമെന്നും യുവതി അഭ്യര്‍ത്ഥിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories