കൊച്ചി: ചേരാനല്ലൂരില്‍ പതിനേഴുകാരന്‍ ഓടിച്ച കാര്‍ ഇടിച്ച് ജയബാലകൃഷ്ണന്‍ കൊല്ലപ്പെട്ട കേസില്‍ സ്റ്റേഷനിലെ പ്രതിഷേധം താല്‍ക്കാലികമായി അവസാനിപ്പിച്ച് കുടുംബം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നല്‍കിയ ഉറപ്പിന് പിന്നാലെയാണ് സമരം താല്‍ക്കാലികമായി അവസാനിപ്പിക്കുന്നതെന്നും ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയന്‍ നാളെ ചേരാനെല്ലൂരില്‍ എത്തുമെന്ന് അദ്ദേഹം അറിയിച്ചതായും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.'നാളെ നാലുമണിവരെ അച്ഛന്റെ ചടങ്ങ് ഉള്ളതുകൊണ്ടാണ് നാലുമണിവരെ സമയം പറഞ്ഞത്. നാളെത്തെ പ്രതിഷേധത്തില്‍ അമ്മയും അനിയനും ഉണ്ടാകും. കര്‍മം ചെയ്യാനുള്ളതുകൊണ്ടാണ് അവര്‍ വരാത്തത്. അവര്‍ എത്തിയാല്‍ ഇങ്ങനെയാവില്ല പ്രതിഷേധം. ഇപ്പോള്‍ അച്ഛന്റെ കര്‍മം ചെയ്യാനുള്ളതുകൊണ്ടുമാത്രമാണ് വീട്ടില്‍ പോകുന്നത്. നാളെ നാല് മണി എന്നൊരു സമയം ഉണ്ടെങ്കില്‍ എല്ലാത്തിനും ഞങ്ങള്‍ക്ക് ഒരു ഉത്തരം വേണം. അല്ലെങ്കില്‍ ഞങ്ങള്‍ ഇവിടെ ഉണ്ടാകും. എന്നിട്ടും നീതി കിട്ടിയില്ലെങ്കില്‍ എന്റെ ശവമായിരിക്കും നിങ്ങള്‍ കാണാന്‍ പോകുക. എന്നാലേ എന്നെ പുറത്ത് ഇറക്കാന്‍ പറ്റുകയുള്ളു. നാലുമണിക്കുള്ളില്‍ ഒരു തീരുമാനം ലഭിക്കണം'- മകള്‍ ഭദ്ര കീര്‍ത്തി മാധ്യമങ്ങളോട് പറഞ്ഞു.
17കാരന്റെ പിതാവിനെ സസ്‌പെന്‍ഡ് ചെയ്യണം, പ്രതിയുടെ ജാമ്യം റദ്ദാക്കണം, പ്രതിയുടെ ഫോട്ടോ എടുത്തത് ബലമായി ഡിലീറ്റ് ചെയ്യിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മരിച്ച ജയബാലകൃഷ്ണന്റെ മക്കള്‍ അടക്കമുള്ളവര്‍ ചേരാനല്ലൂര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധിച്ചത്.നേരത്തെ കുടുംബം അടക്കം നടത്തിയ പ്രതിഷേധത്തിനൊടുവില്‍ 17കാരന്റെ പിതാവായ അഡീഷനല്‍ ജില്ലാ ജഡ്ജിക്കെതിരെ പൊലീസ് മോട്ടര്‍ വാഹന നിയമം 199 അനുസരിച്ച് കേസെടുത്തിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത മകനെ വാഹനമോടിക്കാന്‍ അനുവദിക്കുകയും ആ വാഹനമോടിച്ച് ഒരാള്‍ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ പിതാവിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പ്രതിക്ക് നല്‍കിയ ജാമ്യം റദ്ദാക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു.