കുന്നംകുളം: കേച്ചേരിയിൽ കാണാതായ 78കാരനെ പാടത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കേച്ചേരി പെരുമണ്ണ് സ്വദേശി ചൂണ്ടൽ വീട്ടിൽ ജോണി (78) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 10 മണി മുതൽ ഇദ്ദേഹത്തെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. തുടർന്ന് സഹോദരൻ കുന്നംകുളം പോലീസിൽ പരാതി നൽകുകയും, പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയും ചെയ്യുകയായിരുന്നു. ഇതിനിടയിലാണ് വെള്ളിയാഴ്ച വൈകിട്ട് 5.30 മണിയോടെ പെരുമണ്ണ് പാടത്ത് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് കുന്നംകുളം അഗ്നിരക്ഷാസേന ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ബെന്നി മാത്യുവിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്തെത്തി മൃതദേഹം പാടത്തെ വെള്ളക്കെട്ടിൽ നിന്ന് പുറത്തെടുത്തു. പിന്നീട് കുന്നംകുളം ഹനീഫാസ് ക്ലിനിക് ആംബുലൻസ് പ്രവർത്തകർ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.