മലപ്പുറം നിലമ്പൂർ മൈലാടിയിൽ വീണ്ടും പുലിയുടെ സാന്നിധ്യം കണ്ടെത്തിയത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നു. മൈലാടി പോട്ടി സ്വദേശി ചെമ്പ്രമ്മൽ ജയാനന്ദന്റെ വീടിന് സമീപമുള്ള അതിർത്തി ജണ്ടയിലാണ് പുലി കിടക്കുന്നതായി കണ്ടെത്തിയത്.വിവരമറിഞ്ഞ് ആർ.ആർ.ടി സംഘവും വനവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.
അവസാന ചില ദിവസങ്ങളായി നിലമ്പൂർ മേഖലയിലും സമീപ പ്രദേശങ്ങളിലും പുലികളുടെ സാന്നിധ്യം അടിക്കടി വർധിച്ചുവരുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ജനവാസ മേഖലകളിൽ പുലിയിറങ്ങുന്നത് പതിവായതോടെ രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്ന് നാട്ടുകാർ പറയുന്നു. വനപാലകർ മേഖലയിൽ പരിശോധനയും നിരീക്ഷണവും ശക്തമാക്കണമെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.