Share this Article
News Malayalam 24x7
അത്തോളിയിൽ ഓയിൽ മില്ലിൽ വൻ തീപിടിത്തം
 Major Fire Outbreak at Oil Mill in Atholi

കോഴിക്കോട് അത്തോളി കണ്ണിപ്പോയിലിലെ ഓയിൽ മില്ലിൽ അർദ്ധരാത്രിയിലുണ്ടായ വൻ തീപിടിത്തത്തിൽ മില്ല് പൂർണ്ണമായും കത്തിയമർന്നു. കണ്ണിപ്പോയിലിൽ പ്രവർത്തിക്കുന്ന 'എസ്.ആർ. ഓയിൽ മിൽ' ആണ് പൂർണ്ണമായി അഗ്നിക്കിരയായത്. വെളിച്ചെണ്ണ നിർമ്മാണത്തിനായി സൂക്ഷിച്ചിരുന്ന വൻതോതിലുള്ള കൊപ്രയും രണ്ടായിരത്തോളം ലിറ്റർ വെളിച്ചെണ്ണയും മറ്റ് യന്ത്രസാമഗ്രികളും തീപിടിത്തത്തിൽ നശിച്ചു. മലപ്പറമ്പ് സ്വദേശിയായ ഷൈജുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ഓയിൽ മില്ല്.

ഇരുമ്പ് ഷീറ്റുകൾ കൊണ്ട് നിർമ്മിച്ച മില്ലിന്റെ കെട്ടിടത്തിലേക്ക് തീ അതിവേഗം പടരുകയായിരുന്നു. വെളിച്ചെണ്ണയും കൊപ്രയും ഉണ്ടായിരുന്നതിനാൽ തീ നിയന്ത്രണവിധേയമാക്കുക പ്രയാസകരമായിരുന്നു. വലിയ തോതിൽ പുക ഉയർന്നതിനെ തുടർന്ന് സമീപവാസികളാണ് അഗ്നിശമന സേനയെ വിവരമറിയിച്ചത്.


വിവരമറിഞ്ഞ് കൊയിലാണ്ടി, നരിക്കുനി, വെള്ളിമാടുകുന്ന്, പേരാമ്പ്ര എന്നീ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഞ്ച് യൂണിറ്റ് അഗ്നിശമന സേന ഉടൻ തന്നെ സ്ഥലത്തെത്തി. ഏകദേശം നാല് മണിക്കൂറോളം നീണ്ട കഠിനശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്. ഇരുപതിലധികം ഫയർഫോഴ്സ് സേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രാഥമിക വിവരങ്ങൾ പ്രകാരം ഷോർട്ട് സർക്യൂട്ടാകാം അപകടത്തിന് കാരണമായതെന്നാണ് നിഗമനം. അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories