ജില്ലയിൽ ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ആറന്മുള ഗ്രാമപഞ്ചായത്തിലെ എഴിക്കാട് ഉന്നതിയിൽ (കോളനി) താമസിക്കുന്ന പത്ത് വയസ്സുകാരിക്കാണ് രോഗം ബാധിച്ചത്. ഇതേത്തുടർന്ന് പ്രദേശത്ത് ആരോഗ്യവകുപ്പ് ശുചീകരണ-പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി.
രോഗം സ്ഥിരീകരിച്ച കുട്ടി നിലവിൽ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ പ്രത്യേക വാർഡിൽ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ഡി.എം.ഒ) വ്യക്തമാക്കി.
സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ കോളനികളിലൊന്നായ എഴിക്കാട് ഉന്നതിയിൽ രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കടുത്ത ജാഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്. കുട്ടി പഠിക്കുന്ന സ്കൂളിലും പരിസരത്തും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കർശന പരിശോധനകൾ നടത്തിവരികയാണ്. വരും ദിവസങ്ങളിൽ സ്കൂൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ക്ലോറിനേഷൻ അടക്കമുള്ള ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുമെന്ന് ഡി.എം.ഒ അറിയിച്ചു.
കോഴിക്കോട് ഉൾപ്പെടെ മറ്റ് ജില്ലകളിൽ ഷിഗെല്ല വ്യാപനം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ, പത്തനംതിട്ടയിലും രോഗം സ്ഥിരീകരിച്ചത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. എന്നാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ലയുടെ ചുമതലയുള്ള മന്ത്രി ഉടൻ തന്നെ സ്ഥലം സന്ദർശിക്കുമെന്നാണ് വിവരം.