പാലക്കാട്: മകളുടെ വിവാഹം ക്ഷണിക്കാൻ പോകുന്നതിനിടെ വാഹനാപകടത്തിൽ റിട്ട. അധ്യാപകൻ മരിച്ചു. ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ മുട്ടിക്കുളങ്ങര എയുപി സ്കൂൾ റിട്ട.അധ്യാപകൻ മുണ്ടൂർ നൊച്ചുപ്പുള്ളി കയ്യറ വീട്ടിൽ കെ.വി.രാധാകൃഷ്ണനാണു (66) മരിച്ചത്. ഇന്നലെ വൈകിട്ടു മൂന്നോടെ പാലക്കാട്–കോഴിക്കോട് ബൈപാസിൽ കൊപ്പം ജംക്‌ഷനിലായിരുന്നു അപകടം.
കോയമ്പത്തൂരിൽ നിന്നു കോഴിക്കോട്ടേക്കു ചരക്കുമായി പോയ ലോറിയാണ് അപകടത്തിൽപെട്ടത്.കൊപ്പത്തു നിന്നു ബൈക്ക് തിരിക്കുമ്പോൾ ലോറിയുടെ മുൻവശം തട്ടി ലോറിക്കടിയിലേക്കു വീണ രാധാകൃഷ്ണന്റെ ദേഹത്തുകൂടി പിൻചക്രം കയറിയെന്നും സംഭവസ്ഥലത്തുതന്നെ അദ്ദേഹം മരിച്ചെന്നും നോർത്ത് പൊലീസ് അറിയിച്ചു. സംഭവത്തിൽ കേസെടുത്തു.രാധാകൃഷ്ണന്റെ മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു ബന്ധുക്കൾക്കു വിട്ടു നൽകും. സംസ്കാരം ഇന്ന് 11നു വീട്ടുവളപ്പിൽ. പൊന്നമ്മയാണു ഭാര്യ. മക്കൾ: സാന്ദ്ര, സരോജ്. സഹോദരങ്ങൾ: സത്യഭാമ. വേലായുധൻകുട്ടി, ശാന്ത, ശാരദ, ബാലകൃഷ്ണൻ, പ്രഭാകരൻ, സുജാത, പരേതയായ സ്വയംപ്രഭ.