Share this Article
News Malayalam 24x7
യാഗശാലയായി അനന്തപുരി... പൊങ്കാല അടുപ്പുകളിൽ അഗ്നി പകർന്നു
Attukal Pongala

അനന്തപുരിയുടെ മണ്ണ് ഇന്ന് ഭക്തിയുടെയും ആത്മസമർപ്പണത്തിന്റെയും മഹായാഗശാലയായി മാറി. ലോകപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. 'സ്ത്രീകളുടെ ശബരിമല' എന്നറിയപ്പെടുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ ജാതിമത ഭേദമന്യേ ലക്ഷക്കണക്കിന് ഭക്തരാണ് അമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ എത്തിയത്.

രാവിലെ 9:15-ന് നടന്ന ശുദ്ധപുണ്യാഹത്തോടെയാണ് പൊങ്കാല ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് 9:45-ന് ക്ഷേത്ര ശ്രീകോവിലിൽ നിന്ന് പകർന്നെടുത്ത അഗ്നി മേൽശാന്തി ക്ഷേത്ര മുറ്റത്തെ പണ്ടാര അടുപ്പിലേക്ക് പകർന്നു. ചെണ്ടമേളങ്ങളുടെയും വായ്ക്കുരവകളുടെയും അകമ്പടിയോടെ ഈ അഗ്നി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തയ്യാറാക്കിയ ലക്ഷക്കണക്കിന് അടുപ്പുകളിലേക്ക് പകർന്നു നൽകിയതോടെ തലസ്ഥാന നഗരി ഒന്നടങ്കം പൊങ്കാല ചൂടിലേക്ക് കടന്നു. ഉച്ചയ്ക്ക് 2:15-ന് നൂറിലധികം പൂജാരിമാരുടെ നേതൃത്വത്തിൽ നിവേദ്യം തളിച്ചതോടെ പൊങ്കാല ചടങ്ങുകൾക്ക് ഭക്തിസാന്ദ്രമായ പരിസമാപ്തിയായി.


അതിരുകളില്ലാത്ത മതസൗഹൃദത്തിന്റെ കാഴ്ചകൾ ഇക്കുറിയും പൊങ്കാലയുടെ മാറ്റ് കൂട്ടി. മണക്കാടുള്ള പ്രസിദ്ധമായ മസ്ജിദ് ഭക്തർക്കായി കുടിവെള്ളവും ഭക്ഷണവും വിശ്രമ സൗകര്യങ്ങളും ഒരുക്കി നൽകിയത് കേരളത്തിന്റെ മതസൗഹൃദത്തിന്റെ ഉദാത്തമായ കാഴ്ചയായി. വിവിധ റെസിഡന്റ്സ് അസോസിയേഷനുകളും സന്നദ്ധ സംഘടനകളും ഭക്തർക്കായി നഗരത്തിലുടനീളം സേവന കേന്ദ്രങ്ങൾ തുറന്നിരുന്നു.


ചിലപ്പതികാരത്തിലെ കണ്ണകി ചരിത്രവുമായി ബന്ധപ്പെട്ടതാണ് ആറ്റുകാൽ ക്ഷേത്രത്തിലെ ആചാരങ്ങൾ. പാണ്ഡ്യരാജാവിനെ വധിച്ച് മടങ്ങുന്ന ദേവിയുടെ കോപം ശമിപ്പിക്കാൻ ഭക്തർ പൊങ്കാലയിട്ട് സ്വീകരിച്ചു എന്നാണ് വിശ്വാസം. ശർക്കര പായസം, മണ്ടപ്പുറ്റ്, തിരളിയപ്പം എന്നീ വിഭവങ്ങളാണ് ദേവിക്ക് സമർപ്പിക്കാനായി ഭക്തർ പ്രധാനമായും തയ്യാറാക്കിയത്.


അത്യുഷ്ണത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് കർശന നിർദ്ദേശങ്ങൾ നൽകിയിരുന്നു. ആരോഗ്യപ്രവർത്തകരുടെ വലിയൊരു സംഘം നഗരത്തിലുടനീളം സജീവമായിരുന്നു. കെ.എസ്.ആർ.ടി.സിയും റെയിൽവേയും പൊങ്കാല കഴിഞ്ഞ് മടങ്ങുന്നവർക്കായി പ്രത്യേക സർവീസുകൾ ഏർപ്പെടുത്തി. പൊങ്കാല നിവേദ്യത്തിന് പിന്നാലെ നഗരസഭയുടെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.


പൊങ്കാലയ്ക്ക് ശേഷം ഇന്ന് രാത്രി 8:30-ന് കുത്തിയോട്ട ബാലന്മാരുടെ ചൂരൽ കുത്ത് ചടങ്ങ് നടക്കും. തുടർന്ന് 10:45-ന് മണക്കാട് ധർമ്മശാസ്താ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്ത് പുറപ്പെടും. നാളെ രാത്രി 12:45-ന് നടക്കുന്ന കുരുതി തർപ്പണത്തോടെ ഈ വർഷത്തെ ഉത്സവത്തിന് ഔദ്യോഗികമായി സമാപനമാകും.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories