ഈസ്റ്റ് മുഴിക്കലിൽ 16 വയസ്സുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ആത്മഹത്യ ചെയ്തു. മുഴിക്കൽ സ്വദേശികളായ നസ്രിന (16), അദ്നാൻ (20) എന്നിവരാണ് മരിച്ചത്. ഇരുവരും സഹോദരിമാരുടെ മക്കളാണ്. കുടുംബപ്രശ്നങ്ങളാണ് ദാരുണമായ ഈ കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
ചൊവ്വാഴ്ച രാവിലെയാണ് നാടിനെ ഞെട്ടിച്ച സംഭവം പുറംലോകമറിഞ്ഞത്. നസ്രിനയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അദ്നാൻ ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസ് കരുതുന്നത്. ആറുമാസം മുൻപ് അദ്നാനെ ഈ വീട്ടിൽ നിന്നും പുറത്താക്കിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പ്രേരണയായതെന്ന് പൊലീസ് സംശയിക്കുന്നു.
സംഭവമറിഞ്ഞ് ചേവായൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധനകൾ നടത്തി. നിലവിൽ മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായാൽ മാത്രമേ മരണകാരണങ്ങളിൽ കൂടുതൽ വ്യക്തത വരികയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.