Share this Article
News Malayalam 24x7
വയനാട് മണ്ണിടിച്ചിൽ; മരണം ഏഴായി
Wayanad Landslide

 കല്ലാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിൽ ദുരന്തത്തിൽ നാലാം ദിവസവും തുടരുന്ന തിരച്ചിലിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. പുഴയിൽ നിന്നാണ് പുതിയ മൃതദേഹം കണ്ടെടുത്തത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി ഉയർന്നു. ഇനി ഒരാളെക്കൂടിയാണ് ഇവിടെ കണ്ടെത്താനുള്ളത്.

കഴിഞ്ഞ രണ്ടു ദിവസമായി പ്രദേശത്ത് കനത്ത മഴയില്ലാത്തത് രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ സഹായമായിട്ടുണ്ട്. അനുകൂല കാലാവസ്ഥയെത്തുടർന്ന് ഇന്ന് രാവിലെ മുതൽ ദ്രുതഗതിയിലാണ് തിരച്ചിൽ നടത്തിയത്. ഇതോടെയാണ് പുഴയുടെ ഒരു ഭാഗത്തുനിന്നും മൃതദേഹം കണ്ടെത്താനായത്.


പശ്ചിമ ബംഗാൾ സ്വദേശിയായ സർവേയർ രാഗേഷ് ഗുജേത്, ഹിമാചൽ പ്രദേശ് സ്വദേശിയായ കൺസ്ട്രക്ഷൻ മാനേജർ വിക്രം റാണ എന്നിവർക്കായുള്ള തിരച്ചിലായിരുന്നു പ്രധാനമായും പുരോഗമിച്ചിരുന്നത്. ഇന്ന് കണ്ടെത്തിയ മൃതദേഹം ഇതിൽ ആരുടേതാണെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. നിലവിൽ ദേശീയ ദുരന്തനിവാരണ സേന (NDRF), സംസ്ഥാന ദുരന്തനിവാരണ സേന (SDRF), ഫയർഫോഴ്സ്, വനം വകുപ്പ് തുടങ്ങിയ പ്രതിനിധികളടങ്ങുന്ന സംഘം കെഡാവർ നായ്ക്കളുടെ സഹായത്തോടെയാണ് അവശേഷിക്കുന്ന ആൾക്കായി തിരച്ചിൽ നടത്തുന്നത്.


തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട കൊങ്കൺ റെയിൽവേയുടെ പ്രത്യേക വിദഗ്ധ സംഘം ഇന്ന് അപകടസ്ഥലം സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തും. അതോടൊപ്പം അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള ഈ മേഖലയിൽ തുരങ്കപാത നിർമ്മാണം തുടരണമോ എന്ന കാര്യത്തിൽ വിശദമായ പഠനം നടത്താൻ സർക്കാർ രൂപീകരിക്കുന്ന വിദഗ്ധ സമിതിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. ജിയോളജിക്കൽ വകുപ്പ് പ്രതിനിധികൾ, തുരങ്കപാത അധികൃതർ, ശാസ്ത്രജ്ഞർ എന്നിവരടങ്ങുന്നതായിരിക്കും ഈ സമിതി. സമിതി സമർപ്പിക്കുന്ന വിശദമായ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുരങ്കപാത നിർമ്മാണത്തിന്റെ ഭാവി നിശ്ചയിക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories