കണ്ണൂര്‍ പെരിങ്ങത്തൂര്‍ സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥി ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ശിവസൂര്യയുടെ വീട്ടില്‍ പരിശോധന നടത്തി. പിതാവിന്റെ മൊഴിയും രേഖപ്പെടുത്തി. ശിവസൂര്യയെ കാണാതായിട്ട് രണ്ട് മാസം തികഞ്ഞു. ഓഗസ്റ്റ് 8നാണ് മൊബൈല്‍ ഫോണ്‍ വാങ്ങിവച്ചതിന്റെ പേരില്‍ ശിവസൂര്യ വീട് വിട്ട് പോയത്. ആദ്യം കേസ് അന്വേഷിച്ച ചൊക്ലി പൊലീസും പിന്നീട് അന്വേഷിച്ച പ്രത്യേക സംഘവും കേരളത്തിലുടനീളം പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് ബെംഗളൂരു, മൈസൂരു, മംഗളൂരു എന്നിവിടങ്ങളിലും ഒടുവില്‍ വാരണാസിയിലും അന്വേഷണം നടത്തി. എന്നാല്‍ ശിവസൂര്യയെക്കുറിച്ച് യാതൊരു സൂചനയും കിട്ടിയിരുന്നില്ല. ഒരിടത്തെയും സിസിടിവി ക്യാമറയില്‍ 17കാരന്റെ ദൃശ്യം പതിഞ്ഞിട്ടുമില്ല. ശിവസൂര്യക്ക് ഒളിവില്‍ കഴിയാന്‍ മറ്റാരുടേയോ സഹായം കിട്ടുന്നുണ്ടെന്ന സംശയം പൊലീസിനും വീട്ടുകാര്‍ക്കുമുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ ശിവസൂര്യയെ കണ്ടെത്താനാകുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.