ഹരിപ്പാട്: എംഡിഎംഎയുമായി ബ്യൂട്ടീഷനായ യുവതിയടക്കം മൂന്നുപേരെ പോലീസ് പിടികൂടി. കരീലക്കുളങ്ങര, തൃക്കുന്നപ്പുഴ പോലീസ് സ്റ്റേഷൻ പരിധികളിൽനിന്നായി 14.25 ഗ്രാം എംഡിഎംഎയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും പോലീസും ചേർന്ന് പിടിച്ചെടുത്തത്.മുട്ടം ചേപ്പാട് കണ്ടത്തിൽപറമ്പിൽ നൗഫിയ (30), പാനൂർ, പല്ലന പുതുവന ലക്ഷം വീട്ടിൽ സാജിദ് (25), സ്വകാര്യ ബസിലെ ജീവനക്കാരൻ ആറാട്ടുപുഴ മംഗലം ഇടവീട്ടിൽ കാശിനാഥൻ (19) എന്നിവരാണ് പിടിയിലായത്.
നൗഫിയ വാടകയ്ക്കു താമസിക്കുന്ന ഏവൂർ വടക്കും മുറിയിലെ പുന്നൂർ കിഴക്കേതിൽ വീട്ടിൽനിന്നാണ് 7.25 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്.ഇവർ മയക്കുമരുന്ന് വില്പന നടത്തുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് മാസങ്ങളായി പോലീസ് നിരീക്ഷണത്തിലായിരുന്നു. സ്ത്രീകളടക്കമുള്ള യുവാക്കൾ നിരന്തരമായി ഇവരുടെ വീട്ടിലെത്തി പോകുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്.ഇവർക്ക് ലഹരി എത്തിച്ചുനൽകിയ അടുത്ത സുഹൃത്തിനെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
തൃക്കുന്നപ്പുഴ പാനൂർ പുത്തൻപുര ജംഗ്ഷനിൽ വച്ചാണ് സാജിദ്, കാശിനാഥൻ എന്നിവരെ ഏഴു ഗ്രാം എംഡിഎംഎയുമായി ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.ശനിയാഴ്ച രാത്രി എട്ടരയോടെ രാസ ലഹരിയുമായി പുത്തൻപുര ജംഗ്ഷന് പടിഞ്ഞാറുള്ള വീട്ടിലേക്ക് വന്ന സാജിദിനെയും കൂടെയുണ്ടായിരുന്ന കാശിനാഥനെയും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പിന്നാലെ ഇവരെ നിരീക്ഷിച്ച് എത്തിയ ലഹരിവിരുദ്ധ സ്ക്വാഡ് വീടിനു മുന്നിൽ പിടികൂടുകയായിരുന്നു.