തൃശൂർ: കനത്ത മഴയെത്തുടർന്ന് തൃശ്ശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ്, സി.ബി.എസ്.ഇ.,ഐ.സി.എസ്.ഇ., കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്‌റസകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്.
മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്കും ഇന്റർവ്യൂവിനും ഈ അവധി ബാധകമായിരിക്കില്ലെന്ന് കളക്ടർ വ്യക്തമാക്കി.
തൃശ്ശൂർ നെടുപുഴയിൽ കോൾപാടത്ത് മിനി ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി. നെടുപുഴ മല്ലിത്തറ കടവിലാണ് സംഭവം. രാത്രി എട്ടുമണിയോടെ ആയിരുന്നു അപകടം. പാടത്ത് വളർത്ത് മീനിന് തീറ്റ കൊടുക്കാൻ അഞ്ചു പേർ ചേർന്ന് ബോട്ടിൽ കോൾ പാടത്തേക്ക് പോയതായിരുന്നു. പാടത്തിന് നടുവിൽ വെച്ച് ബോട്ട് മുങ്ങുകയായിരുന്നു. മൂന്നു പേർ നീന്തിക്കയറിയെങ്കിൽ രണ്ടുപേരെ കാണാതാവുകയായിരുന്നു.
പൂമല ഡാമിലെ ജലനിരപ്പ് സംഭരണശേഷിയോട് അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ഡാമില്‍ നിന്നുമുള്ള അധികജലം പുറത്തേക്ക് ഒഴുക്കിവിടാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സന്‍ കൂടിയായ ജില്ലാ കലക്ടര്‍ അനുമതി നല്‍കി. നിലവില്‍ 26 അടിയിലെത്തിയ ജലനിരപ്പ് 28 അടിക്ക് മുകളിലായാല്‍ ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കി രാവിലെ പത്തിനും വൈകിട്ട് നാലിനും ഇടയില്‍ ഷട്ടറുകള്‍ തുറക്കാനാണ് അനുമതി നല്‍കിയത്.
ഡാമില്‍ നിന്നും പുറത്തേക്ക് ഒഴുകുന്ന വെള്ളം മലവായ് തോട് വഴി പുഴയ്ക്കല്‍ തോട്ടിലേക്കും എത്തിച്ചേരുന്നതിനാല്‍ മുളങ്കുന്നത്തുകാവ്, കോലഴി എന്നീ ഗ്രാമപഞ്ചായത്തുകളിലുള്ളവര്‍ ജാഗ്രത പാലിക്കണം. അതിനാല്‍ പൊതുജനങ്ങള്‍ തോടുകളിലും പുഴകളിലും ഇറങ്ങുന്നതിനും, കുളിക്കുന്നതിനും, ഫോട്ടോ എടുക്കുന്നതിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുഴയിലെ മത്സ്യബന്ധനത്തിനും കര്‍ശന വിലക്കുണ്ട്.