Share this Article
News Malayalam 24x7
മെഡി. കോളേജിലെ ഡോക്ടർ സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസിനിടെ വിജിലൻസിൻ്റെ പിടിയിൽ
Kerala Vigilance Catches Government Medical College Doctor Doing Private Practice

നിയമവിരുദ്ധമായി സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് നടത്തിവന്ന മാനന്തവാടി ഗവൺമെന്റ് മെഡിക്കൽ കോളേജിലെ കാർഡിയോതൊറാസിക് വിഭാഗം അസോസിയേറ്റ് പ്രൊഫസർ വിജിലൻസിന്റെ പിടിയിലായി. ഡോ. വി. ശിവപ്രസാദിനെയാണ് മലപ്പുറം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും വിജിലൻസ് കോഴിക്കോട് യൂണിറ്റ് പിടികൂടിയത്.

സർക്കാരിൽ നിന്നും പ്രതിമാസം മൂന്ന് ലക്ഷത്തോളം രൂപ ശമ്പളം കൈപ്പറ്റിയിരുന്ന ഡോ. ശിവപ്രസാദ്, കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ഏഴ് ലക്ഷത്തോളം രൂപ പ്രതിമാസ പ്രതിഫലത്തിലാണ് സ്വകാര്യ പ്രാക്ടീസ് നടത്തിവന്നതെന്ന് വിജിലൻസ് വ്യക്തമാക്കി. വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ഉദ്യോഗസ്ഥർ രോഗികളെന്ന വ്യാജേന അപ്പോയിന്റ്മെന്റ് എടുത്ത് എത്തിയാണ് ഡോക്ടറെ കൈയോടെ പിടികൂടിയത്.


കോഴിക്കോട് വിജിലൻസ് ഡിവൈഎസ്പി കെ. ബിജുവിന്റെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ കെ. ശംഭുനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. സബ് ഇൻസ്പെക്ടർമാരായ സന്തോഷ് കുമാർ, അബ്ദുൽ സലാം, സിവിൽ പോലീസ് ഓഫീസർ ഷോജി രാഹുൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു. സംസ്ഥാനത്ത് സർക്കാർ ശമ്പളം പറ്റി സമാന രീതിയിൽ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഇരുന്നൂറോളം ഡോക്ടർമാർ വിജിലൻസിന്റെ നിരീക്ഷണത്തിലാണെന്നും വരും ദിവസങ്ങളിൽ ശക്തമായ പരിശോധനകൾ തുടരുമെന്നും വിജിലൻസ് അധികൃതർ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories