കൊച്ചി: ഹൃദയത്തിൽ തങ്ങി നിൽക്കുന്ന ക്രൈസ്തവ ഭക്തിഗാനങ്ങളുടെ സംഗീതസംവിധായകൻ ഫാദർ ജസ്റ്റിൻ പനയ്ക്കൽ (91) അന്തരിച്ചു. കൊച്ചി മഞ്ഞുമ്മലിലെ സന്യാസഭവനത്തിൽ വെച്ചായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. മൃതദേഹം നിലവിൽ മഞ്ഞുമ്മൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ഏപ്രിൽ ആറാം തീയതി നടക്കും.
മലയാളികൾ എന്നും നെഞ്ചേറ്റുന്ന 'പൈതലാം യേശുവേ', ‘ദൈവം പിറക്കുന്നു..’ എന്ന വിഖ്യാത ഗാനങ്ങള്‍ ഉൾപ്പെടെ നിരവധി ഹിറ്റുകൾക്ക് ഈണം നൽകിയത് ജസ്റ്റിൻ അച്ചനാണ്. കേവലം 28 ഗാനങ്ങൾക്ക് മാത്രമാണ് അദ്ദേഹം സംഗീതം പകർന്നതെങ്കിലും അവയെല്ലാം ഗുണമേന്മകൊണ്ടും ആലാപന മികവുകൊണ്ടും മലയാള സംഗീത ചരിത്രത്തിൽ ഇടംപിടിച്ചു. അദ്ദേഹം ഈണം നൽകിയ 28 ഗാനങ്ങളിൽ 25 എണ്ണവും ആലപിച്ചത് ഗാനഗന്ധർവ്വൻ കെ.ജെ. യേശുദാസ് ആയിരുന്നു. 1983-ൽ പുറത്തിറങ്ങിയ 'തളിർമാല്യം' എന്ന ആൽബത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് 'സ്നേഹപ്രവാഹം', 'സ്നേഹസന്ദേശം' എന്നീ കാസറ്റുകളിലെ ഗാനങ്ങളും വലിയ ജനശ്രദ്ധ പിടിച്ചുപറ്റി. തരംഗിണി സ്റ്റുഡിയോയിൽ വെച്ചാണ് അദ്ദേഹത്തിന്റെ ഒട്ടുമിക്ക ഗാനങ്ങളും റെക്കോർഡ് ചെയ്യപ്പെട്ടത്.ആലുവ മംഗലപ്പുഴ സെമിനാരിയിൽ 28 വർഷത്തോളം പ്രൊഫസറായി സേവനമനുഷ്ഠിച്ച അദ്ദേഹം ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. 'മഞ്ഞു പൊഴിയുന്ന മാമരം കൊച്ചുന്ന', 'ദൈവം നിരുപമ സ്നേഹം', 'യേശുവിന്റെ പ്രാണനാഥൻ', 'സ്നേഹസ്വരൂപ', 'പുതിയൊരു പുലരി' തുടങ്ങിയ ഗാനങ്ങൾ ഇന്നും വിശ്വാസികളുടെ ഹൃത്തടത്തിലുണ്ട്.