തൃശൂർ: വിയ്യൂർ പള്ളിക്കുസമീപം ഫ്ളാറ്റിൽ പത്ത് മണിക്കൂറോളം ബാത്ത്റൂമിൽ കുടുങ്ങിയ 82 കാരിയ്ക്ക് രക്ഷയേകി വിയ്യൂർ പൊലീസ്. രാത്രി ഭക്ഷണവും കഴിച്ച് കിടക്കാൻ പോകും മുൻപ് ബാത്ത് റൂമിൽ പോയതായിരുന്നു 82കാരി. ഉളളിൽ നിന്നും ലോക്ക് ചെയ്ത ബാത്ത് റൂം തുറക്കാൻ പറ്റിയില്ല. പരിഭ്രമത്തോടെ ബാത്ത് റൂമിനുള്ളിൽ നിന്ന് നിലവിളിച്ചെങ്കിലും പുറത്ത് കേട്ടില്ല. കരച്ചിലിനിടയിൽ അറിയാതെ മയങ്ങിപോയ നേരം വെളുക്കും വരെ തറയിൽ കിടന്നു.
നേരം വെളുത്തപ്പോഴാണ് അടുത്തുള്ള താമസക്കാർ 82 കാരിയുടെ ഫ്ളാറ്റിൽ നിന്നും ഒരു ഞരക്കം കേട്ടത്. അവർ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും ഉള്ളിൽ നിന്നും പൂട്ടിയതിനാൽ തുറക്കാനായില്ല. ഉടൻതന്നെ അവർ വിയ്യൂർ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് കാര്യം അറിയിച്ചു. സ്റ്റേഷനിൽ നിന്നും വിവരമറിഞ്ഞ് എസ് എച്ച് ഒ പി. എം വിമോദിൻെറ നിർദ്ദേശത്തിൽ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ സജീവൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സുഫീർ, സിവിൽ പോലീസ് ഓഫീസർ ലിഷ, എന്നിവർ എത്തി. ഫ്ളാറ്റിൻെറ വാതിൽ പാരഉപയോഗിച്ച് കുത്തി തുറന്ന് അകത്തുകടന്നു.തറയിൽ ഞരക്കമോടെ കിടന്നിരുന്ന അമ്മൂമ്മയെ അവർ പുറത്തെത്തിച്ചു. 82കാരിയുടെ രണ്ടുമക്കളും ബാംഗ്ളൂരിലാണ് രണ്ടുവർഷം മുൻപ് ഒരു മകൻ മരണപ്പെട്ടു. സഹായത്തിനു ഒരു ജോലിക്കാരി വരാറുണ്ട്.
ഒറ്റയ്ക്കു താമസിക്കുള്ള വയോജനങ്ങൾക്കുള്ള കേരള പോലീസിൻെറ പ്രശാന്തിയുടെ 9497900045, 949790035 എന്നീ നമ്പരുകളെ കുറിച്ചും എമർജൻസി ആവശ്യങ്ങൾക്കു വിളിക്കാവുന്ന 112 നമ്പരിനെ കുറിച്ചും അടുത്തുള്ളവർക്കും അമ്മൂമ്മയ്ക്കും പറഞ്ഞ് മനസ്സിലാക്കികൊടുത്തും അമ്മൂമ്മയെ ഇടയ്ക്ക് വിളിക്കാമെന്നും എന്ത് ആവശ്യത്തിനും ഞങ്ങളെ വിളിക്കണമെന്നും പറഞ്ഞാണ് പോലീസുദ്യോഗസ്ഥർ തിരിച്ചത്.