തിരുവനന്തപുരം: കൂടത്തില്‍ തറവാട്ടിലെ ജയമാധവന്‍ നായരെ കൊന്നത് താനല്ലെന്നും തന്നെ കുടുക്കാന്‍ പരാതിക്കാരനായ അനില്‍ കുമാര്‍ ആകാം കൊലപ്പെടുത്തിയതെന്നും പ്രതി രവീന്ദ്രന്‍ നായര്‍. തനിക്കു സ്വത്തും തറവാടും എഴുതി നല്‍കിയ ആളെ എന്തിനാണു കൊലപ്പെടുത്തുന്നതെന്നും രവീന്ദ്രന്‍ ചോദിച്ചു. പരാതിക്കാരനായ അനിലിന് മുന്‍പ് തന്നെ തന്നോടു വിരോധമുണ്ടെന്നും തന്നെ കുടുക്കാന്‍ അനില്‍ തറവാട്ടിലെത്തി കൊലപാതകം നടത്തിയതാകാമെന്നും രവീന്ദ്രന്‍ പറഞ്ഞു.
സ്വത്തു തട്ടിയെടുക്കാന്‍ ശ്രമിച്ചിട്ടില്ല. തെളിവുകള്‍ പൊലീസ് ഉണ്ടാക്കിയതാണെന്നും കോടതിയില്‍ കാണാമെന്നുമാണ് മുന്‍ കോടതി ജീവനക്കാരന്‍ കൂടിയായ രവീന്ദ്രന്റെ വെല്ലുവിളി. ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങി നടത്തിയ ചോദ്യം ചെയ്യലിലാണ് രവീന്ദ്രന്‍ കുറ്റം നിഷേധിച്ചത്. കൊലപാതകം നടന്ന കരമന കാലടി ഉമാ മന്ദിരത്തില്‍ (കൂടത്തില്‍ തറവാട്) രവീന്ദ്രന്‍ നായരെ എത്തിച്ച് തെളിവെടുപ്പ് നടത്തി. തകര്‍ന്നുവീഴാറായ വീട്ടിലേക്കു മതില്‍ ചാടിക്കടന്നാണ് രവീന്ദ്രനെയും കൊണ്ടു പൊലീസ് സംഘം എത്തിയത്.
തിരുവനന്തപുരം സിറ്റി ക്രൈംബ്രാഞ്ച് അസി. കമ്മിഷണര്‍ എം.ഐ.ഷാജിയുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. തറവാട്ടില്‍ ഓരോരുത്തരും കഴിഞ്ഞിരുന്ന മുറികള്‍ രവീന്ദ്രന്‍ പൊലീസിനു കാട്ടിക്കൊടുത്തു. കൊലപാതകം നടന്ന മുറിയില്‍ രവീന്ദ്രനെ എത്തിച്ച് പൊലീസ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഇന്നു വൈകിട്ടുവരെയാണ് രവീന്ദ്രനെ കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.