Share this Article
News Malayalam 24x7
ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് ഒപ്പമുണ്ടായിരുന്ന ലൈസൻ ഓഫീസറെ കിഴക്കേ ഗോപുരത്തിൽ തടഞ്ഞു; ക്ഷേത്രത്തിനകത്ത് ഡ്യൂട്ടിയുളള ലൈസൻ ഓഫീസറെ പാസില്ലെന്ന് പറഞ്ഞ് തടഞ്ഞതിൽ വിമർശനം
വെബ് ടീം
1 hours 30 Minutes Ago
1 min read
guruvayur

തൃശൂർ: ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് ഒപ്പമുണ്ടായിരുന്ന ലൈസൻ ഓഫീസറെ കിഴക്കേ ഗോപുരത്തിൽ തടഞ്ഞു. സ്പെഷ്യൽ പാസ് എടുക്കണമെന്നാവശ്യപ്പെട്ടാണ് ക്ഷേത്രത്തിനകത്ത് ഡ്യൂട്ടിയുളള ലൈസൻ ഓഫീസറെ ക്ഷേത്രം ജീവനക്കാർ തടഞ്ഞത്

ഇന്ന് രാവിലെയാണ് സംഭവം. ക്ഷേത്ര ദർശനത്തിനായെത്തിയ കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് സ്പെഷ്യൽ പാസ് എടുത്തിരുന്നു. തുടർന്ന് ലൈസൻ ഓഫീസർക്കൊപ്പം ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നതിനിടയിലാണ് ലൈസൻ ഓഫീസറോട് പാസ് എടുത്ത് മാത്രമേ അകത്ത് കയറാൻ പാടുള്ളൂവെന്ന് ക്ഷേത്ര ജീവനക്കാർ അറിയിച്ചത്. ഇതോടെ ലൈസൻ ഓഫീസറും പാസെടുത്തു. തുടർന്ന് ഇരുവരും ദർശനം നടത്തി മടങ്ങുകയായിരുന്നു. ഗുരുവായൂർ ക്ഷേത്രത്തിന്റെ സുരക്ഷയും ക്രമസമാധാനവും ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും തൃശൂർ സിറ്റി പോലീസ് കമ്മീഷണറുടെ നേരിട്ടുള്ള അധീനതയിലാണെന്നിരിക്കെയാണ് കമ്മീഷണറുടെ കൂടെയുണ്ടായിരുന്ന, ക്ഷേത്രത്തിനകത്ത് ഡ്യൂട്ടിയുളള ലൈസൻ ഓഫീസറെ പാസില്ലെന്ന് പറഞ്ഞ് ക്ഷേത്രം ജീവനക്കാർ തടഞ്ഞത്. സംഭവത്തിൽ പോലീസ് സേനയ്ക്കുള്ളിൽ തന്നെ അമർഷം ഉയർന്നിട്ടുണ്ട്. 

ഗുരുവായൂർ ക്ഷേത്ര സംരക്ഷണത്തിൽ സിറ്റി പോലീസിന് നിർണായക പങ്കാണുള്ളത്. ഇങ്ങനെയുള്ള സാഹചര്യത്തിൽ കമ്മീഷണറുടെ കൂടെയുള്ള ഉദ്യോഗസ്ഥന് പോലും ദർശനത്തിന് പാസ് നിർബന്ധമാക്കിയത് പ്രതിഷേധാർഹമാണെന്നാണ് ഉയരുന്ന വിമർശനം.

അതേസമയം, ക്ഷേത്ര ജീവനക്കാരുമായി അടുപ്പമുണ്ടായിരുന്ന ലൈസൻ ഓഫീസറെ ആഴ്ചകൾക്ക് മുമ്പ് തൽസ്ഥാനത്തുനിന്നും മാറ്റിയിരുന്നു. ഇതാണ് പുതിയ ലൈസൻ ഓഫീസറെ സ്പെഷ്യൽ പാസില്ലെന്ന് പറഞ്ഞ് തടയാൻ കാരണമെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. എന്നാൽ ദേവസ്വം ബോർഡിന്റെ കർശനമായ ചട്ടപ്രകാരമാണ് എല്ലാവർക്കും പാസ് നിർബന്ധമാക്കിയതെന്നാണ് ദേവസ്വം അധികൃതരുടെ വിശദീകരണം. ചട്ടത്തിൽ ആർക്കും ഇളവില്ലെന്നും ദേവസ്വംഅധികൃതർ വ്യക്തമാക്കി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories