Share this Article
News Malayalam 24x7
പരിസ്ഥിതി ശാസ്ത്രജ്ഞന് വിട
Environmental Scientist Madhav Gadgil Passes Away

ഇന്ത്യയിലെ അടിസ്ഥാന പരിസ്ഥിതിവാദത്തിന് രൂപം നൽകിയ മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞനും പശ്ചിമഘട്ട സംരക്ഷണ സമിതി മുൻ ചെയർമാനുമായ മാധവ് ഗാഡ്ഗിൽ (83) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പൂനെയിലെ വസതിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ മകൻ സിദ്ധാർത്ഥ ഗാഡ്ഗിൽ ആണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്. ഇന്ന് വൈകുന്നേരം നാലുമണിക്ക് പൂനെയിലെ വൈകുണ്ഠ സ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക.

ഇന്ത്യൻ പരിസ്ഥിതി സംരക്ഷണ മേഖലയ്ക്ക് നികത്താനാവാത്ത നഷ്ടമാണ് മാധവ് ഗാഡ്ഗിലിന്റെ വിയോഗം. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനായി അദ്ദേഹം സമർപ്പിച്ച 'ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട്' രാജ്യമെമ്പാടും വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിതുറന്നിരുന്നു. 2011-ൽ കേന്ദ്ര സർക്കാരിന് സമർപ്പിച്ച ഈ നിർണ്ണായക റിപ്പോർട്ടിൽ, പശ്ചിമഘട്ടത്തിന്റെ 75 ശതമാനം പ്രദേശവും അതീവ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ശക്തമായി ശുപാർശ ചെയ്തു. ഈ മേഖലകളിൽ ഖനനം, ക്വാറികൾ, വലിയ തോതിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.


ആദ്യഘട്ടത്തിൽ മലയോര മേഖലകളിൽ റിപ്പോർട്ടിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്നതിനെ തുടർന്ന് ശുപാർശകൾ നടപ്പിലാക്കാതിരുന്നിരുന്നു. എന്നാൽ 2018-ലെ മഹാപ്രളയത്തിന് ശേഷം ഗാഡ്ഗിലിന്റെ മുന്നറിയിപ്പുകൾ ശരിയായിരുന്നു എന്ന വിലയിരുത്തൽ ജനങ്ങൾക്കിടയിൽ വ്യാപകമായി. പശ്ചിമഘട്ട സംരക്ഷണത്തിനായി അദ്ദേഹം നടത്തിയ നിരന്തര പോരാട്ടങ്ങൾ രാജ്യചരിത്രത്തിൽ എക്കാലവും സ്മരിക്കപ്പെടുന്ന ഒന്നാണ്.


താനൊരു 'ജനപക്ഷ ശാസ്ത്രജ്ഞൻ' ആണെന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഗാഡ്ഗിൽ, ആദിവാസികൾ, കർഷകർ, മത്സ്യത്തൊഴിലാളികൾ എന്നിവരടങ്ങുന്ന സാധാരണ ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കായി എന്നും നിലകൊണ്ടു. പരിസ്ഥിതി സംരക്ഷണത്തിൽ താഴെത്തട്ടിലുള്ള ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കണമെന്ന് അദ്ദേഹം വിശ്വസിച്ചു. പ്രധാനമന്ത്രിയുടെ പരിസ്ഥിതി ഉപദേശക സമിതിയിൽ അംഗമായിരുന്നപ്പോഴും പരിസ്ഥിതിയെ ബാധിക്കുന്ന വിഷയങ്ങളിൽ സർക്കാരുകളുടെ തെറ്റായ നയങ്ങളെ തുറന്നു വിമർശിക്കാൻ അദ്ദേഹം മടികാണിച്ചിരുന്നില്ല.


പരിസ്ഥിതി മേഖലയിലെ അദ്ദേഹത്തിന്റെ അതുല്യമായ സംഭാവനകൾ പരിഗണിച്ച് രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 1981-ൽ പത്മശ്രീയും 2006-ൽ പത്മഭൂഷണും അദ്ദേഹത്തിന് ലഭിച്ചു. കൂടാതെ, പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള പ്രവർത്തനങ്ങളെ മുൻനിർത്തി 2024-ൽ ഐക്യരാഷ്ട്ര സംഘടനയുടെ 'ചാമ്പ്യൻസ് ഓഫ് ദി എർത്ത്' പുരസ്കാരവും മാധവ് ഗാഡ്ഗിൽ നേടി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories