സർക്കാർ ജീവനക്കാരുടെ വ്യക്തിവിവരങ്ങൾ കൈകാര്യം ചെയ്യുന്ന 'സ്പാർക്' (SPARK) പോർട്ടലിലെ വിവരങ്ങൾ ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദേശമയച്ചതിൽ സ്വകാര്യതാ ലംഘനമില്ലെന്ന് ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ സമർപ്പിക്കപ്പെട്ട ഹർജികൾ ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് അധ്യക്ഷനായ ബെഞ്ച് തള്ളി.
ജീവനക്കാരുടെ വിവരങ്ങൾ ചോർത്തിയെന്നും സ്വകാര്യത ലംഘിച്ചുവെന്നും ആരോപിച്ച് സമർപ്പിച്ച ഹർജികളിലാണ് കോടതി വിധി പറഞ്ഞത്. സന്ദേശങ്ങൾ അയച്ചത് നിയമവിരുദ്ധമല്ലെന്നും ഭരണനിർവ്വഹണത്തിന്റെ (Administration) ഭാഗമായുള്ള സ്വാഭാവിക നടപടി മാത്രമാണിതെന്നും കോടതി നിരീക്ഷിച്ചു. സദ്ഭരണത്തിന്റെ (Good Governance) ഭാഗമായാണ് ഇത്തരത്തിൽ സന്ദേശങ്ങൾ അയക്കുന്നതെന്ന സർക്കാരിന്റെ വാദം കോടതി അംഗീകരിച്ചു.
അയച്ച സന്ദേശങ്ങളിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും അവ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമല്ലെന്നും കോടതി കൃത്യമായി വ്യക്തമാക്കി. സന്ദേശങ്ങൾ അയക്കുന്നതിന് ഔദ്യോഗിക വിവരങ്ങൾ ഉപയോഗിക്കുന്നത് സ്വകാര്യതാ ലംഘനമായി കണക്കാക്കാനാവില്ലെന്നാണ് കോടതിയുടെ നിലപാട്. ഡാറ്റാ ചോർച്ചാ വിഷയത്തിൽ പ്രതിപക്ഷം വലിയ ആരോപണങ്ങൾ ഉന്നയിച്ചിരുന്ന സാഹചര്യത്തിൽ ഹൈക്കോടതിയുടെ ഈ വിധി സംസ്ഥാന സർക്കാരിന് വലിയ രാഷ്ട്രീയ ആശ്വാസമാണ് നൽകുന്നത്.