Share this Article
News Malayalam 24x7
വയനാട് തുരങ്കപ്പാത നിർമാണം അടിയന്തരമായി തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി
വെബ് ടീം
posted on 10-03-2026
1 min read
SC

ന്യൂഡൽഹി: വയനാട് തുരങ്കപ്പാത നിർമാണം തടയണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി സുപ്രീം കോടതിയിൽ ഹർജി നൽകി. കേന്ദ്ര സർക്കാർ നൽകിയ പരിസ്ഥിതി അനുമതി റദ്ദാക്കണം എന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.2018, 2019, 2024 എന്നീ വർഷങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായ പ്രദേശത്താണ് തുരങ്ക നിർമാണം നടക്കുന്നത്. മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങൾക്ക് സമീപത്ത് കൂടെയാണ് ഈ തുരങ്ക പാത കടന്ന് പോകുന്നത്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് പദ്ധതിക്കുള്ള പരിസ്ഥിതി അനുമതി നൽകിയത്. വേണ്ടത്ര പഠനം നടത്താതെ നൽകിയ അനുമതി റദ്ദാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.പദ്ധതിക്കെതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി നൽകിയ ഹർജി നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് എതിരെയാണ് സുപ്രീം കോടതിയിലെ അപ്പീൽ.

ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്ക പാതയുടെ പാറ തുരക്കൽ പ്രവൃത്തി കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്.കോഴിക്കോട് ജില്ലയിൽ തുരങ്കം തുടങ്ങുന്ന മറിപ്പുഴയിലാണ് ആദ്യ പാറ തുരക്കൽ (ബ്ലാസ്റ്റ്) നടന്നത്. പദ്ധതിക്കായുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ് 2 ക്ലിയറൻസ് ലഭിച്ച ശേഷമാണ് ബ്ലാസ്റ്റിങ് ആരംഭിച്ചത്. മറിപ്പുഴയിലെത്തിയ മുഖ്യമന്ത്രിയുമായി തുരങ്കപാതയുടെ വിവരങ്ങള്‍ കിഫ്ബി, കൊങ്കണ്‍ റെയില്‍വേ, പൊതുമരാമത്ത് വകുപ്പ് പ്രതിനിധികള്‍ പങ്കുവെച്ചിരുന്നു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories