മിഡിൽ ഈസ്റ്റിൽ സംഘർഷങ്ങൾ വീണ്ടും ശക്തമാകുന്നതായി റിപ്പോർട്ട്. യെമനിലെ ഹൂതി വിമതർ സൗദി അറേബ്യയ്ക്ക് നേരെ ആക്രമണങ്ങൾ കടുപ്പിച്ചു. തലസ്ഥാനമായ റിയാദിന് നേരെയും എണ്ണസമ്പന്ന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുമാണ് പ്രധാനമായും ആക്രമണങ്ങൾ ഉണ്ടായിരിക്കുന്നത്.
റിയാദിനെ ലക്ഷ്യമിട്ടെത്തിയ ഒരു ബാലിസ്റ്റിക് മിസൈൽ സൗദി വ്യോമസേന തടഞ്ഞതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. എണ്ണ ടാങ്കറുകളും പ്രമുഖ തുറമുഖ നഗരങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ നടക്കുന്നത്. യാൻബു, ജിസാൻ, ഫറസാൻ തുടങ്ങിയ നഗരങ്ങളിൽ ആക്രമണ ശ്രമങ്ങൾ ഉണ്ടായെങ്കിലും ഇവയെല്ലാം പ്രതിരോധിക്കാൻ സാധിച്ചതായി അധികൃതർ വ്യക്തമാക്കി.
ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മിഡിൽ ഈസ്റ്റിലെ ഒമ്പത് രാജ്യങ്ങൾക്ക് അമേരിക്ക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സൗദി അറേബ്യയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇറാൻ-അമേരിക്ക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മേഖലയിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് പുതിയ ആക്രമണങ്ങൾ ഉണ്ടായിരിക്കുന്നത്. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പലയിടത്തും വിമാന സർവീസുകൾ ഭാഗികമായി തടസ്സപ്പെട്ടിട്ടുണ്ട്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി വ്യോമ, നാവിക മേഖലകളിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.