Share this Article
News Malayalam 24x7
അസം പ്രളയം; മരിച്ചവരുടെ എണ്ണം 87 ആയി
Assam Floods

അസമിൽ ദിവസങ്ങളായി തുടരുന്ന പ്രളയക്കെടുതിയിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുന്നു. സംസ്ഥാനത്തെ വിവിധയിടങ്ങളിലുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 87 ആയി ഉയർന്നതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. പ്രളയം രൂക്ഷമായി ബാധിച്ച 7 ജില്ലകളിലായി 1.28 ലക്ഷത്തിലധികം ആളുകളാണ് നിലവിൽ ദുരിതത്തിലായിരിക്കുന്നത്.

നിരവധി ഗ്രാമങ്ങൾ ഇപ്പോഴും പൂർണ്ണമായും വെള്ളത്തിനടിയിലാണ്. പ്രളയത്തെ തുടർന്ന് വീടുകൾ, റോഡുകൾ, പാലങ്ങൾ, വൈദ്യുതി-ജലവിതരണ സംവിധാനങ്ങൾ എന്നിവയ്ക്ക് വ്യാപകമായ നാശനഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. പലയിടങ്ങളിലും ഗതാഗത സംവിധാനങ്ങളും വാർത്താവിനിമയ ബന്ധങ്ങളും പൂർണ്ണമായും തടസ്സപ്പെട്ടു.

സംസ്ഥാനത്തെ കാർഷിക മേഖലയ്ക്കും പ്രളയം കനത്ത പ്രഹരമേൽപ്പിച്ചു. ആയിരക്കണക്കിന് ഹെക്ടർ കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായതോടെ കർഷകർ കടുത്ത പ്രതിസന്ധിയിലായി. കൃഷിനാശത്തിന് പുറമേ വലിയ തോതിലുള്ള കന്നുകാലി നഷ്ടവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ദുരിതബാധിത പ്രദേശങ്ങളിൽ ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനകളുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ സജീവമായ രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ സാമഗ്രികളുടെ വിതരണവും പുരോഗമിക്കുകയാണ്. ദുരിതബാധിതർക്കായി നിരവധി ദുരിതാശ്വാസ ക്യാമ്പുകളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തുറന്നിട്ടുണ്ട്. വരും ദിവസങ്ങളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article