Share this Article
News Malayalam 24x7
വ്യാജ സ്‌ക്രീന്‍ഷോട്ട് താന്‍ പങ്കുവെച്ചിട്ടുണ്ട്'; ജിതിന്‍ ഭാസ്‌കറിന്റെ ശബ്ദരേഖ പുറത്ത്
Vadakara Kafir Screenshot Case

വടകര കാഫിർ സ്ക്രീൻഷോട്ട് കേസിലെ ഒന്നാം പ്രതിയും ഡി.വൈ.എഫ്.ഐ നേതാവുമായ ജിതിൻ ഭാസ്‌കറുടേതെന്ന് പറയുന്ന നിർണായക ശബ്ദരേഖ പുറത്ത്. വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ലക്ഷ്യമിട്ട് തയാറാക്കിയ വ്യാജ സ്ക്രീൻഷോട്ട് താൻ ഗ്രൂപ്പുകളിൽ ഷെയർ ചെയ്തിട്ടുണ്ടെന്ന് ശബ്ദരേഖയിൽ വ്യക്തമാക്കുന്നു. കേസിൽ ജാമ്യം ലഭിച്ച് ജയിൽ മോചിതനായതിന് പിന്നാലെ, താൻ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചതിന് തെളിവുണ്ടോ എന്ന് ജിതിൻ വെല്ലുവിളിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ ശബ്ദസന്ദേശം പുറത്തുവന്നിരിക്കുന്നത്.യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ.പി. ദുൽഖിഫിൽ ആണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ജിതിൻ ഭാസ്കറിന്റേതെന്ന പേരിൽ ഈ ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടത്.

തന്റെ സുഹൃത്തുമായി ജിതിൻ സംസാരിക്കുന്ന രീതിയിലുള്ള ശബ്ദസന്ദേശമാണ് പ്രചരിക്കുന്നത്. "ഞാൻ എന്റെ മൊഴി കൊടുത്തത്... അവൻ ഗ്രൂപ്പിൽ ഷെയർ ചെയ്തിട്ടുണ്ട്, ഞാൻ ഒരു ഗ്രൂപ്പിൽ ഷെയർ ചെയ്തിട്ടുണ്ട്... സ്വാഭാവികമായിട്ടും ഷെയർ ചെയ്തത് എന്തായാലും നമ്മൾ എല്ലാ സാധനവും ഷെയർ ചെയ്യുന്നതാ... അതുപോലെ ഷെയർ ആയിപ്പോയി..." എന്നാണ് ശബ്ദരേഖയിൽ പറയുന്നത്.


കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ പ്രതികരിച്ച ജിതിൻ ഭാസ്കർ, താൻ ഈ സ്ക്രീൻഷോട്ട് പത്ത് പേർക്കെങ്കിലും അയച്ചതിന് തെളിവുണ്ടോ എന്ന് വെല്ലുവിളിച്ചിരുന്നു. ഇത് തെളിയിക്കാൻ കഴിഞ്ഞാൽ കാഫിർ സ്ക്രീൻഷോട്ടിന് പിന്നിൽ താനാണെന്ന് സമ്മതിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ വെല്ലുവിളിക്ക് മറുപടിയായാണ് കോൺഗ്രസ് നേതൃത്വം ഇപ്പോൾ ശബ്ദരേഖ പുറത്തുവിട്ടിരിക്കുന്നത്.


2024-ലെ വടകര ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് വോട്ടർമാർക്കിടയിൽ സാമുദായിക ചേരിതിരിവ് ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മിച്ച വ്യാജ സ്ക്രീൻഷോട്ട് വലിയ രാഷ്ട്രീയ കൊടുങ്കാറ്റാണ് സംസ്ഥാനത്ത് സൃഷ്ടിച്ചത്. സന്ദേശം വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് നടന്ന ശാസ്ത്രീയ അന്വേഷണത്തിലാണ് ഈ സ്ക്രീൻഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ട പിണറായി അനുകൂല വാട്‌സാപ്പ് ഗ്രൂപ്പായ 'വടകര സ്ക്വാഡിന്റെ' അഡ്മിൻ ജിതിൻ ഭാസ്കറാണെന്ന് കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.


അന്വേഷണം അട്ടിമറിക്കാനായി ജിതിൻ ഭാസ്കർ തന്റെ മൊബൈൽ ഫോൺ മനപ്പൂർവ്വം ഫാക്ടറി റീസെറ്റ് ചെയ്ത് പ്രധാന ഡിജിറ്റൽ തെളിവുകൾ നശിപ്പിച്ചതായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ആഴ്ചയാണ് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജിതിന് കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്. ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ശബ്ദരേഖ കൂടി പുറത്തുവന്നത് കേസിൽ പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories