വലിയ രാഷ്ട്രീയ-നിയമ തർക്കങ്ങൾക്ക് വഴിവെച്ച കശുവണ്ടി വികസന കോർപ്പറേഷൻ (KSCDC) അഴിമതിക്കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐയ്ക്ക് അനുമതി നൽകിക്കൊണ്ടുള്ള പുതുക്കിയ ഉത്തരവ് സംസ്ഥാന സർക്കാർ ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കും. ആദ്യ ഉത്തരവിലുണ്ടായിരുന്ന ഹൈക്കോടതിക്കെതിരായ അസാധാരണവും വിവാദപരവുമായ പരാമർശങ്ങൾ പൂർണ്ണമായും ഒഴിവാക്കിയാണ് സർക്കാർ പുതിയ ഉത്തരവ് സമർപ്പിക്കുന്നത്. ജസ്റ്റിസ് എ. ബദറുദ്ദീൻ ഉൾപ്പെട്ട സിംഗിൾ ബെഞ്ചാണ് ഈ കേസും ഇതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജികളും ഇന്ന് പരിഗണിക്കുന്നത്.
കശുവണ്ടി വികസന കോർപ്പറേഷൻ മുൻ ചെയർമാനും ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റുമായ ആർ. ചന്ദ്രശേഖരൻ, മുൻ മാനേജിങ് ഡയറക്ടർ കെ.എ. രതീഷ് എന്നിവരെ സിബിഐയ്ക്ക് വിചാരണ ചെയ്യാൻ അനുമതി നൽകി ജൂലൈ രണ്ടിനാണ് സർക്കാർ ആദ്യ ഉത്തരവിറക്കിയത്. എന്നാൽ ഈ ഉത്തരവിലെ പരാമർശങ്ങൾ വലിയ വിവാദത്തിന് കാരണമായി. ഹൈക്കോടതിയുടെ ശക്തമായ നിർബന്ധവും കോടതിയലക്ഷ്യ നടപടി നേരിടുമെന്ന ഭയവും കാരണമാണ് തങ്ങൾ പ്രോസിക്യൂഷൻ അനുമതി നൽകുന്നതെന്നായിരുന്നു വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജു ഒപ്പുവെച്ച ഉത്തരവിൽ രേഖപ്പെടുത്തിയിരുന്നത്.
തെളിവുകൾ വിലയിരുത്തുന്നതിൽ ഹൈക്കോടതി വിചാരണ കോടതിയെപ്പോലെയാണ് പെരുമാറിയതെന്നും, ഇത് ഭരണകൂടത്തിന്റെ സ്വതന്ത്രമായ തീരുമാനമെടുക്കാനുള്ള അധികാര പരിധിയിലേക്കുള്ള കടന്നുകയറ്റമാണെന്നുമുള്ള കടുത്ത കോടതിവിരുദ്ധ വിമർശനം ആദ്യ ഉത്തരവിലുണ്ടായിരുന്നു. കൂടാതെ, കോടതിയിൽ സമർപ്പിക്കുന്നതിന് മുൻപ് തന്നെ ഈ ഉത്തരവിന്റെ പകർപ്പ് പ്രതിയായ ആർ. ചന്ദ്രശേഖരന് ലഭിക്കുകയും അദ്ദേഹം ഇത് വാർത്താസമ്മേളനത്തിൽ വായിക്കുകയും ചെയ്തത് വലിയ രീതിയിൽ ചർച്ചയാവുകയും ചെയ്തു.
ഈ വിവാദ ഉത്തരവിലെ പരാമർശങ്ങൾ കോടതിയെ വെല്ലുവിളിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കേസിലെ പരാതിക്കാരനായ കൊല്ലം സ്വദേശി കടകംപള്ളി മനോജ് ഹൈക്കോടതിയിൽ അടിയന്തര ഹർജി (ഇന്റർലോക്കുട്ടറി അപ്ലിക്കേഷൻ) ഫയൽ ചെയ്തു. ഉത്തരവിറക്കിയ പുതിയ വ്യവസായ സെക്രട്ടറി കെ. ബിജുവിനെതിരെ കൂടി കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു.
ഈ സാഹചര്യത്തിൽ കോടതിയിൽ നിന്നും കടുത്ത തിരിച്ചടി ഉണ്ടാകുമെന്ന് മനസ്സിലാക്കിയ അഡ്വക്കറ്റ് ജനറൽ (AG), ഉത്തരവിലെ വിവാദ ഭാഗങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെട്ട് വ്യവസായ വകുപ്പ് സെക്രട്ടറിക്ക് കത്ത് നൽകുകയായിരുന്നു. ഇതിനെത്തുടർന്ന് ജൂലൈ 6-ന് സർക്കാർ പുറത്തിറക്കിയ പുതുക്കിയ ഉത്തരവാണ് ഇന്ന് കോടതിയിൽ ഹാജരാക്കുന്നത്. പുതിയ ഉത്തരവിൽ ഹൈക്കോടതി വിരുദ്ധ പരാമർശങ്ങളെല്ലാം പൂർണ്ണമായും നീക്കം ചെയ്തിട്ടുണ്ട്.
കോടതിവിരുദ്ധ പരാമർശങ്ങൾ നീക്കിയെങ്കിലും, ഹൈക്കോടതി വിധിക്കെതിരെ ഭാവിയിൽ സുപ്രീം കോടതിയെ സമീപിക്കാനുള്ള സർക്കാരിന്റെ നിയമപരമായ അവകാശം സംരക്ഷിച്ചുകൊണ്ടാണ് പുതിയ പ്രോസിക്യൂഷൻ അനുമതി നൽകിയിരിക്കുന്നതെന്ന് സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കുന്നു.
2006 മുതൽ 2015 വരെയുള്ള കാലയളവിൽ കശുവണ്ടി കോർപ്പറേഷനിൽ വിദേശത്തുനിന്ന് അസംസ്‌കൃത തോട്ടണ്ടി ഇറക്കുമതി ചെയ്തതിലും കശുവണ്ടിപ്പരിപ്പ് വാങ്ങിയതിലും കോടിക്കണക്കിന് രൂപയുടെ വൻ അഴിമതി നടന്നുവെന്നാണ് കേസ്. ഇതിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചിട്ടും മുൻ ഇടതുപക്ഷ സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകാതെ വർഷങ്ങളോളം വൈകിപ്പിച്ചിരുന്നു. കോടതി കർശന നിലപാടെടുത്തതോടെയും, മുൻ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷിനെതിരെ കോടതിയലക്ഷ്യ നടപടികൾ തുടങ്ങിയതോടെയുമാണ് പുതിയ സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകാൻ നിർബന്ധിതരായത്. മുഹമ്മദ് ഹനീഷിനെതിരായ കോടതിയലക്ഷ്യ ഹർജിയും കോടതി ഇതോടൊപ്പം ഇന്ന് പരിഗണിക്കും.