Share this Article
News Malayalam 24x7
പി എസ് സി ക്രമക്കേട്; ക്രൈംബ്രാഞ്ച് അന്വേഷിക്കും
V.D. Satheesan

കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്‌സി) പരീക്ഷകളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ഗുരുതരമായ മൂല്യനിർണയ-നിയമന ക്രമക്കേടുകളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. മുഖ്യമന്ത്രി വി.ഡി. സതീശനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. പിഎസ്‌സിയെക്കുറിച്ച് നിലവിൽ പുറത്തുവരുന്നത് ഉദ്യോഗാർത്ഥികളെ കബളിപ്പിക്കുന്ന ഞെട്ടിക്കുന്ന ആരോപണങ്ങളാണെന്നും,പൊലീസിന്റെ പ്രത്യേക ക്രിമിനൽ അന്വേഷണത്തിലൂടെ മാത്രമേ ഇതിന് പിന്നിലെ യഥാർത്ഥ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ സാധിക്കൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എഴുത്തുപരീക്ഷയിലെ മാർക്ക് മുൻകൂട്ടി അറിഞ്ഞ ശേഷം, തങ്ങൾക്ക് താല്പര്യമില്ലാത്ത ഉദ്യോഗാർത്ഥികളെ റാങ്ക് പട്ടികയിൽ നിന്നും പുറത്താക്കാനോ പിന്നിലേക്ക് തള്ളാനോ വേണ്ടി ഇന്റർവ്യൂവിൽ ബോധപൂർവ്വം മാർക്ക് കുറച്ചു നൽകിയെന്ന അതീവ ഗുരുതരമായ ആരോപണം ക്രൈംബ്രാഞ്ച് പ്രത്യേകം അന്വേഷിക്കും. തങ്ങൾക്ക് താല്പര്യമുള്ള ചില ഉദ്യോഗാർത്ഥികളെ റാങ്ക് പട്ടികയിൽ മുന്നിലെത്തിക്കാൻ ഇന്റർവ്യൂ ബോർഡ് അവിഹിതമായി മാർക്ക് വാരിക്കോരി നൽകിയെന്ന പരാതിയാണ് ഉയർന്നത്.


പരീക്ഷാ ക്രമക്കേടിനെക്കുറിച്ച് പ്രാഥമിക റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് ക്രിമിനൽ ഗൂഢാലോചന അടക്കമുള്ള കാര്യങ്ങൾ പുറത്തുകൊണ്ടുവരാൻ ആഭ്യന്തര വകുപ്പിന് കീഴിലുള്ള ക്രൈംബ്രാഞ്ച് വിങ്ങിനെ ചുമതലപ്പെടുത്താൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആസൂത്രണ ബോർഡ് ചീഫ് നിയമന പരീക്ഷയ്ക്ക് പുറമെ കെഎഎസ് (KAS) ഉൾപ്പെടെയുള്ള മുൻകാല പരീക്ഷകളും അന്വേഷണ പരിധിയിൽ വരും.


"ലക്ഷക്കണക്കിന് സാധാരണക്കാരായ ഉദ്യോഗാർത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും വലിയ സ്വപ്നവും പ്രതീക്ഷയുമാണ് പിഎസ്‌സി. ആ ഭരണഘടനാ സ്ഥാപനത്തിന്റെ വിശ്വാസ്യത തകർക്കുന്ന ഒരു നടപടിയും വെച്ചുപൊറുപ്പിക്കില്ല. അർഹതപ്പെട്ടവർക്ക് ജോലി ലഭിക്കുന്നു എന്ന് സർക്കാർ ഉറപ്പുവരുത്തും," മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. മൂല്യനിർണയത്തിൽ സംഭവിച്ചത് കേവലം സാങ്കേതിക പിഴവാണോ അതോ ആസൂത്രിതമായ ഗൂഢാലോചനയാണോ എന്ന് കണ്ടെത്താൻ ശാസ്ത്രീയമായ അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.


സംസ്ഥാന ആസൂത്രണ ബോർഡിലെ ചീഫ് തസ്തികകളിലേക്കുള്ള പരീക്ഷയിൽ പത്ത് ചോദ്യങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണയം നടത്താതെ റാങ്ക് പട്ടികയിട്ടതിനെക്കുറിച്ച് വിജിലൻസ് അന്വേഷണത്തിന് ആഭ്യന്തരവകുപ്പ് അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നിയമനങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ ക്രിമിനൽ ആരോപണങ്ങളും സമഗ്രമായി അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിനെക്കൂടി സർക്കാർ രംഗത്തിറക്കിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories