Share this Article
News Malayalam 24x7
അയോധ്യയിൽ രാമക്ഷേത്രത്തിന് 15 കിലോമീറ്റർ ചുറ്റളവിൽ മാംസാഹാരത്തിന് വിലക്ക്
Ayodhya Ram Temple

അയോധ്യയിലെ രാമക്ഷേത്രത്തിന് 15 കിലോമീറ്റർ ചുറ്റളവിൽ മാംസാഹാര വിതരണം പൂർണ്ണമായും നിരോധിച്ച് അയോധ്യ ഭരണകൂടം ഉത്തരവിട്ടു. പഞ്ചകോശി പരിക്രമപാതയ്ക്ക് കീഴിലുള്ള പ്രദേശങ്ങളിൽ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകൾ വഴി മാംസാഹാരം വിതരണം ചെയ്യുന്നതിനെതിരെ ഉയർന്ന വ്യാപകമായ പരാതികളെത്തുടർന്നാണ് ഈ കടുത്ത നടപടി.

പ്രദേശത്തെ ഹോട്ടലുകൾക്കും ഹോംസ്റ്റേകൾക്കും മാംസാഹാരം വിളമ്പരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ചില സ്ഥാപനങ്ങൾ മാംസാഹാരവും മദ്യവും നൽകുന്നതായി റിപ്പോർട്ടുകൾ ലഭിച്ചതിനെത്തുടർന്ന് ഇത്തരം സ്ഥാപനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകി. വിദേശികൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികൾക്ക് ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി മാംസാഹാരം എത്തിക്കുന്നത് തങ്ങളുടെ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടതോടെയാണ് നിരോധനം പൂർണ്ണമാക്കാൻ ഭരണകൂടം തീരുമാനിച്ചത്.


അയോധ്യയെയും ഫൈസാബാദിനെയും ബന്ധിപ്പിക്കുന്ന 14 കിലോമീറ്റർ നീളമുള്ള രാംപത് പാതയിൽ മദ്യവും മാംസാഹാരവും നിരോധിക്കാൻ 2025 മെയ് മാസത്തിൽ അയോധ്യ മുനിസിപ്പൽ കോർപ്പറേഷൻ തീരുമാനമെടുത്തിരുന്നു. എന്നാൽ അന്ന് ഓൺലൈൻ വഴിയുള്ള വിൽപനയ്ക്ക് കൃത്യമായ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നില്ല. പുതിയ ഉത്തരവോടെ ഓൺലൈൻ വിതരണമുൾപ്പെടെയുള്ളവയ്ക്ക് പൂർണ്ണമായ വിലക്ക് വന്നിരിക്കുകയാണ്.


അതേസമയം, മേഖലയിലെ മദ്യശാലകൾക്കെതിരെ നടപടിയെടുക്കാൻ ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. അതിനാൽ നിലവിൽ മാംസാഹാര വിതരണത്തിനാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതെന്നും മദ്യശാലകളുടെ കാര്യത്തിൽ പിന്നീട് നടപടിയുണ്ടാകുമെന്നും അയോധ്യ ഭരണകൂടം വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories