പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മോർഫ് ചെയ്ത AI (കൃത്രിമബുദ്ധി) വീഡിയോ സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ച സംഭവത്തിൽ മെറ്റാ ഇന്ത്യ മേധാവി അരുൺ ശ്രീനിവാസിനെതിരെ കേസ് എടുത്തു. ഹൈദരാബാദ് സൈബർ ക്രൈം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. മെറ്റാ മേധാവിക്ക് പുറമെ വ്യാജ വീഡിയോ പ്രചരിപ്പിച്ച നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കെതിരെയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വ്യവസായി എസ്. അരവിന്ദ് റെഡ്ഡി, ബി.ജെ.പി നേതാവ് സായി കിരൺ എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. ഡൽഹി ജന്തർ മന്തറിൽ നടന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് പ്രധാനമന്ത്രിയുടേതെന്ന പേരിൽ വ്യാജ എ.ഐ വീഡിയോകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിച്ചത്. വ്യാജ ഉള്ളടക്കങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടതും പ്രചരിപ്പിക്കാൻ അനുവാദം നൽകിയതും ചൂണ്ടിക്കാട്ടിയാണ് ഡിജിറ്റൽ പ്ലാറ്റ്‌ഫോം മേധാവിക്കെതിരെ കേസ് എടുത്തത്.