മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണ് ഒൻപത് പേർ മരിച്ചു. നിരവധി ആളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികളും നിർമ്മാണവും പുരോഗമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
കെട്ടിടത്തിന്റെ ശോചനീയാവസ്ഥ കണക്കിലെടുത്ത് ഇവിടെ താമസിച്ചിരുന്നവരെ നേരത്തെ തന്നെ ഒഴിപ്പിച്ചിരുന്നു. അതിനാൽ നിർമ്മാണ ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഒരു സ്ത്രീയെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ദേശീയ ദുരന്തനിവാരണ സേനയും (എൻ.ഡി.ആർ.എഫ്) പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് കെട്ടിടാവശിഷ്ടങ്ങൾ മാറ്റി അതിനുള്ളിൽ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ ശക്തമായി പുരോഗമിക്കുകയാണ്.