മസ്കറ്റ്: പാകിസ്താനിലെ കാരക്കോറം പർവതനിരകളിലെ ബ്രോഡ് പീക്ക് കൊടുമുടിയിലുണ്ടായ വൻ മഞ്ഞുമലയിടിച്ചിലിൽ ഒമാന്റെ അഭിമാന പർവതാരോഹക നാദിറ അൽ ഹാർത്തി ഉൾപ്പെടെ നാലുപേർക്ക് ദാരുണാന്ത്യം. അപകടത്തിൽപ്പെട്ട പത്തംഗ സംഘത്തിലെ നാലുപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി അധികൃതർ സ്ഥിരീകരിച്ചു. കാണാതായ മറ്റ് ആറ് പർവതാരോഹകർക്കായുള്ള തെരച്ചിൽ തുടരുകയാണ്. മരണപ്പെട്ടവരിൽ രണ്ടുപേരെ ആൽപൈൻ ക്ലബ് ഓഫ് പാകിസ്ഥാൻ (എ.സി.പി) ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.ഒമാനിൽ നിന്നുള്ള നാദിറ അൽ ഹാർത്തി, നേപ്പാൾ സ്വദേശി പൂർ ബഹാദൂർ ഗുരുങ് (യുക്ത) എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്. നാദിറയുടെ മൃതദേഹം ഹെലികോപ്റ്റർ മാർഗം സ്കർദുവിലേക്ക് മാറ്റി. രണ്ട് മൃതദേഹങ്ങൾ ആരുടേതാണെന്ന് ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടില്ല. വ്യാഴാഴ്ച രാവിലെ പ്രാദേശിക സമയം 9.30-ഓടെയാണ് അപകടം. ക്യാമ്പ് മൂന്നിന് തൊട്ടുതാഴെ 6,600 മീറ്റർ ഉയരത്തിൽ വെച്ച് പർവതാരോഹക സംഘത്തിനുമേൽ രണ്ട് തവണ മഞ്ഞിൻ പാളികൾ പതിക്കുകയായിരുന്നു.മഞ്ഞുമലയിടിച്ചിലിൽ പെട്ട് ഇവർ നൂറുകണക്കിന് മീറ്റർ താഴേക്ക് പതിച്ചതായാണ് ഇവരുടെ ട്രാക്കറുകളിൽ നിന്നുള്ള വിവരങ്ങൾ വ്യക്തമാക്കുന്നത്. ചിലർ ബേസ് ക്യാമ്പിന് തൊട്ടടുത്താണ് വന്നു വീണത്.
അതേസമയം, അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് വ്യോമമാർഗമുള്ള രക്ഷാപ്രവർത്തനത്തിനായുള്ള സന്ദേശം അധികൃതർക്ക് ലഭിച്ചതെന്നറിയുന്നു. അപകടത്തിൽപ്പെട്ട് കാണാതായവരിൽ ലോകപ്രശസ്ത നേപ്പാളി-ബ്രിട്ടീഷ് പർവതാരോഹകൻ നിർമൽ പുർജ (നിംസ്ദായ്), നിമാ ഷെർപ, ഗ്യാലു ഷെർപ, വാംഗ് തെന്ദു ഷെർപ, അടുത്തിടെ 14 സൂപ്പർ കൊടുമുടികളും കീഴടക്കിയ കിലി പെംബ ഷെർപ, ചൈനക്കാരനായ വാങ് സോങ്, പാകിസ്താൻ ഗൈഡ് സുഹൈൽ സഖി, അമേരിക്കൻ പൗരയായ മല്ലോരി ഗയ്സ് എന്നിവർ ഉൾപ്പെടുന്നു. തെരച്ചിൽ തുടരുകയാണ്.