ശബരിമല സ്വർണ്ണക്കവർച്ച കേസിൽ ഹൈക്കോടതിയുടെ നിർണ്ണായക ഉത്തരവ്. ശ്രീകോവിൽ സ്വർണ്ണപ്പാളികളുടെ വീണ്ടും ശാസ്ത്രീയ പരിശോധന നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. എസ്.ഐ.ടി സമർപ്പിച്ച ഇടക്കാല റിപ്പോർട്ട് പരിഗണിച്ചാണ് കോടതിയുടെ ഇടപെടൽ.
വി.എസ്.എസ്.സിയിൽ നടത്തിയ പരിശോധനയിൽ അവ്യക്തതകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ പുതിയ നിർദ്ദേശം. സ്വർണ്ണപ്പാളികളുടെ സാമ്പിളുകൾ വീണ്ടും ശേഖരിച്ച് ബാബ അറ്റോമിക് റിസർച്ച് സെന്ററിൽ (BARC) പരിശോധന നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു. ഇത് ഈ മാസം 12-നോ അതിനു ശേഷമോ നടത്താം.
നിലവിൽ അന്വേഷണം അവസാന ഘട്ടത്തിലാണെന്നും 256 സാക്ഷികളെ വിസ്തരിച്ചതായും എസ്.ഐ.ടി കോടതിയെ അറിയിച്ചിട്ടുണ്ട്. കേസ് ഈ മാസം 19-ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ അന്വേഷണത്തിൽ സ്വർണ്ണപ്പാളികളിലെ സ്വർണ്ണം മാറ്റിയിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരാത്ത സാഹചര്യത്തിലാണ് കോടതി കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്ക് നിർദ്ദേശിച്ചിരിക്കുന്നത്.