പാർലമെന്റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് സഭാ നടപടികൾ തടസ്സപ്പെട്ടു. ഇന്ന് നടക്കാനിരുന്ന ബജറ്റ് ചർച്ചകൾക്ക് മുന്നോടിയായി പ്രതിപക്ഷം ബഹളം വെച്ചതിനെ തുടർന്ന് ലോക്സഭ ഉച്ചയ്ക്ക് 12 മണി വരെ നിർത്തിവെച്ചു.
ഇന്ത്യ-അമേരിക്ക വ്യാപാര കരാറുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനോട് നിർണ്ണായകമായ രണ്ട് ചോദ്യങ്ങളാണ് പ്രതിപക്ഷം ഇന്ന് പ്രധാനമായും ഉന്നയിച്ചത്. ഇന്ത്യ അമേരിക്കയ്ക്ക് മുന്നിൽ കീഴടങ്ങിയോ അല്ലെങ്കിൽ അടിമപ്പെട്ടോ എന്ന കാര്യത്തിലും, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിയോ എന്ന കാര്യത്തിലും കേന്ദ്രം വ്യക്തമായ വിശദീകരണം നൽകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഈ സുപ്രധാന വിഷയങ്ങളിൽ കേന്ദ്ര സർക്കാരിന്റെ മറുപടിയില്ലാതെ പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു പ്രതിപക്ഷ അംഗങ്ങൾ.
സഭ തുടങ്ങുന്നതിന് മുൻപ് മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ യോഗം ചേർന്ന് തങ്ങളുടെ ആവശ്യങ്ങൾ കൃത്യമായി ഉന്നയിക്കാൻ തീരുമാനിച്ചിരുന്നു. സഭ ആരംഭിച്ചയുടൻ ബാനറുകളുമായി സഭയുടെ നടുത്തളത്തിൽ ഇറങ്ങിയ പ്രതിപക്ഷം വലിയ രീതിയിലുള്ള പ്രതിഷേധം ഉയർത്തി. ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സംസാരിക്കാൻ സഭയിൽ മതിയായ സാഹചര്യമോ അവസരമോ നൽകുന്നില്ലെന്ന ആക്ഷേപം പ്രതിപക്ഷ എംപിമാർ ഇന്നും ആവർത്തിച്ചു. പ്രതിഷേധം ശക്തമായതോടെ സഭ ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ നടപടികൾ നിർത്തിവെക്കേണ്ട സാഹചര്യം ഉണ്ടായി.
ഇന്ത്യ-അമേരിക്ക വ്യാപാര കരാറിൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരാമർശിച്ചിട്ടില്ലെന്നതും പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇതിൽ ഇന്ത്യയുടെ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സഭയിൽ ബഹളം വെച്ചത്. കഴിഞ്ഞ ദിവസങ്ങളിലേതുപോലെ ഇന്നും സഭ പ്രക്ഷുബ്ധമാകുന്ന സാഹചര്യമാണ് ഉണ്ടായത്.