Share this Article
News Malayalam 24x7
ശബരിമല സ്വര്‍ണക്കവര്‍ച്ച കേസ്; പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ ഇടക്കാല റിപ്പോർട്ട് നൽകി
SIT Submits Interim Report to High Court

ശബരിമല സ്വർണ്ണക്കവർച്ച കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിന് ഇന്ന് നിർണ്ണായകമായ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. കേസ് അന്വേഷണം അവസാന ഘട്ടത്തിലാണെന്നും കുറ്റപത്രം തയ്യാറാക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

അന്വേഷണ റിപ്പോർട്ട് പ്രകാരം, കേസിന്റെ ഭാഗമായി യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്, മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള അടൂർ പ്രകാശിന്റെ ബന്ധത്തെക്കുറിച്ചും സംഘം വ്യക്തത തേടിയിട്ടുണ്ട്. വിക്രം സാരാഭായ് സ്പേസ് സെന്ററിൽ (VSSC) നടത്തിയ രണ്ടാമത്തെ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടും കോടതിക്ക് കൈമാറി. ആദ്യ റിപ്പോർട്ടിലെ അവ്യക്തതകൾ പരിഹരിക്കാൻ ശ്രമിച്ചുവെങ്കിലും ഇതിലും ചില അവ്യക്തതകൾ നിലനിൽക്കുന്നതായി സൂചനയുണ്ട്. 

വിഎസ്എസ്സി റിപ്പോർട്ടിലെ അവ്യക്തതകൾ കാരണം സ്വർണ്ണത്തിന്റെ അളവ് കൃത്യമായി തിട്ടപ്പെടുത്താൻ ഇനി ബാബ അറ്റോമിക് റിസർച്ച് സെന്ററിൽ (BARC) പരിശോധന നടത്താൻ തീരുമാനിച്ചതായും അടുത്ത ആഴ്ച സാമ്പിളുകൾ ശേഖരിക്കുമെന്നും അറിയുന്നു. ദ്വാരപാലക ശില്പത്തിലെയും കട്ടിളയിലെയും സ്വർണ്ണപ്പാളികളിൽ നിന്ന് ഏകദേശം 989 ഗ്രാം സ്വർണ്ണം വേർതിരിച്ചെടുത്തു എന്നാണ് പ്രതികൾ അവകാശപ്പെട്ടതെങ്കിലും, ഒരു കിലോയ്ക്ക് മുകളിൽ സ്വർണ്ണം നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇതുവരെ എട്ടോളം റിപ്പോർട്ടുകൾ കോടതിയിൽ സമർപ്പിച്ച ഈ കേസിൽ, റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം ഇന്ന് കോടതി ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ സാധ്യതയുണ്ട്. അറസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത നടപടികളിലേക്ക് കടക്കണമോ എന്നതിനെക്കുറിച്ച് കോടതിയുടെ നിരീക്ഷണങ്ങൾ നിർണ്ണായകമാകും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories