സംസ്ഥാന ആസൂത്രണ ബോർഡ് നിയമനം ഉൾപ്പെടെയുള്ള പി.എസ്.സി പരീക്ഷാ ക്രമക്കേടുകളിൽ സർക്കാർ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക നിലപാട് കമ്മീഷൻ നാളെ പ്രഖ്യാപിക്കും. നാളെ ചേരുന്ന പി.എസ്.സി കമ്മീഷൻ യോഗത്തിൽ ഈ വിഷയത്തിൽ അന്തിമ തീരുമാനമുണ്ടാകും. ഭരണഘടനാ പദവിയുള്ള സ്ഥാപനത്തിൽ പൊലീസ് അന്വേഷണം നടത്തുന്നതിനോടുള്ള അനുകൂല-പ്രതികൂല നിലപാടുകൾ കമ്മീഷൻ അംഗങ്ങൾക്കിടയിൽ വലിയ ആഭ്യന്തര തർക്കത്തിന് വഴിവെച്ചിരിക്കുകയാണ്.
പരീക്ഷാ ക്രമക്കേടുകളിൽ ക്രൈംബ്രാഞ്ച് പ്രഖ്യാപിച്ച അന്വേഷണം തടയാനായി കോടതിയെ സമീപിക്കണമെന്ന നിലപാടിലാണ് ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെ അനുകൂലിക്കുന്ന ഒരു വിഭാഗം. എന്നാൽ, ഗുരുതരമായ ആരോപണങ്ങളിൽ സുതാര്യമായ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ട് ഇടതുപക്ഷ അനുഭാവമുള്ള കമ്മീഷൻ അംഗങ്ങൾ ഉൾപ്പെടെയുള്ള മറുവിഭാഗം രംഗത്തെത്തിയിട്ടുണ്ട്. കമ്മീഷൻ നാളെ തേടുന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ നിലപാട് രൂപീകരിക്കുക
ആസൂത്രണ ബോർഡ്, കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്), ഡിവൈ.എസ്.പി സ്പെഷ്യൽ റിക്രൂട്ട്മെന്റ് തുടങ്ങിയ വിവാദ നിയമനങ്ങളുമായി ബന്ധപ്പെട്ട ഫയലുകളും പരീക്ഷാ രേഖകളും ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) നാളെ പി.എസ്.സി സെക്രട്ടറിക്ക് ഔദ്യോഗികമായി കത്ത് നൽകും. ഐ.ജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇതിനോടകം തന്നെ പരാതിക്കാരിൽ നിന്ന് പ്രാഥമിക മൊഴിയെടുക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്.നാളെ നടക്കുന്ന യോഗത്തിലെ തീരുമാനങ്ങൾ പി.എസ്.സിയുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കുന്നതിൽ നിർണായകമാകും.